മുംബൈ: രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ദിനത്തിൽ നടത്തിയ ശോഭയാത്രയ്ക്ക് നേരെ ആക്രമണം ഉണ്ടായ സംഭവത്തിൽ കർശന നടപടിയുമായി മഹാരാഷ്ട്ര സർക്കാർ. പ്രതികൾ ഭൂമി കയ്യേറി നിർമ്മിച്ച കെട്ടിടങ്ങളും മറ്റ് അനധികൃത നിർമ്മാണങ്ങളും പൊളിച്ച് നീക്കി. മഹാരാഷ്ട്ര സർക്കാരിന്റെ നിർദ്ദേശ പ്രകാരം മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ അധികൃകർ ആയിരുന്നു അനധികൃത നിർമ്മാണങ്ങൾ പൊളിച്ച് നീക്കിയത്.
മുംബൈയിലെ മീരാ റോഡിൽ ആയിരുന്നു സംഭവം. കഴിഞ്ഞ ദിവസം ഇവിടെ നടത്തിയ ശോഭയാത്രയ്ക്ക് നേരെ മനപ്പൂർവ്വം മതതീവ്രവാദികൾ ആക്രമണം നടത്തുകയായിരുന്നു. ഇതിൽ നിരവധി പേർക്ക് പരിക്കേറ്റിരുന്നു. സംഭവത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികൾ ഭൂമി കയ്യേറ്റം നടത്തിയതായി കണ്ടെത്തി. ഇതോടെ ഇവ പൊളിച്ച് നീക്കാൻ കോർപ്പറേഷന് സർക്കാർ നിർദ്ദേശം നൽകുകയായിരുന്നു. ഇതിന് പുറമേ മറ്റ് കയ്യേറ്റങ്ങളും നീക്കിയിട്ടുണ്ട്.
ഉത്തർപ്രദേശ് സർക്കാരിന്റെ മാതൃക സ്വീകരിച്ചുകൊണ്ടാണ് അനധികൃത കയ്യേറ്റങ്ങൾ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ച് നീക്കിയത് എന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ വിമർശനവുമായി നിരവധി പേർ രംഗത്ത് എത്തിയിരുന്നു. അനധികൃത കയ്യേറ്റങ്ങൾ മാത്രമേ പോലീസ് പൊളിച്ച് നീക്കിയിട്ടുള്ളുവെന്നും പോലീസ് കൂട്ടിച്ചേർത്തു.
രാമശോഭയാത്രയ്ക്ക് നേരെ ആക്രമണം ഉണ്ടായതിന് പിന്നാലെ പ്രതികൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് വ്യക്തമാക്കിയിരുന്നു.ഇതിന് പിന്നാലെയാണ് കെട്ടിടങ്ങൾ പൊളിച്ച് നീക്കിയത്. സംഭവത്തിൽ 13 പേരെ പോലീസ് സംഭവ ദിവസം തന്നെ അറസ്റ്റ് ചെയ്തിരുന്നു.
Discussion about this post