തിരുവനന്തപുരം: നവകേരള യാത്രക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വളഞ്ഞിട്ട് മർദ്ദിച്ച കേസിൽ മുഖ്യമന്ത്രിയുടെ ഗൺമാനും സുരക്ഷാ ഉദ്യോസ്ഥനും ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല. ഇരുവരോടും ഇന്ന് ആലപ്പുഴ സൗത്ത് സ്‌റ്റേഷനിൽ ഹാജരാകാനാണ് നിർദേശിച്ചിരുന്നത്.
എന്നാൽ, ജോലിത്തിരക്കുണണ്ടെന്നും തിരക്കില്ലാത്ത ദിവസം ഹാജരാകാമെന്നുമാണ് ഇരുവരും പോലീസിനെ അറിയിച്ചത്. പതിവുപോലെ ഇരുവരും മുഖ്യമന്ത്രിയോടൊപ്പം നിയമസഭയിലെത്തി.
ആലപ്പുഴയിൽ നവകേരള ബസിന് നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വളഞ്ഞിട്ട് തല്ലിയ കേസിലാണ് ഗൺമാൻ അനിൽ കുമാറിനും സുരക്ഷാ ഉദ്യോഗസ്ഥൻ എസ്. സന്ദീപിനുമെതിരെ പോലീസ് കേസെടുത്തത്. കേസിൽ ഗൺമാനും സുരക്ഷാ ഉദ്യോഗസ്ഥനും പുറമേ കണ്ടാലറിയുന്ന മറ്റു മൂന്ന് ഉദ്യോഗസ്ഥർക്കെതിരെയും കേസെടുത്തിട്ടുണ്ട്.
സംഭവത്തിൽ പരാതി നൽകിയിരുന്നെങ്കിലും ആദ്യം ഇവർക്കെതിരെ കേസെടുക്കാൻ പോലീസ് തയ്യാറായിരുന്നില്ല. പിന്നീട്, ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് േകാടതി ഉത്തരവിനെ തുടർന്നാണ് ഇവർക്കെതിരെ പോലീസ് കേസെടുത്തത്.
Discussion about this post