ആഗ്ര: തന്റെ അനുവാദമില്ലാതെ മേക്കപ്പ് സാധനങ്ങൾ അമ്മായിയമ്മ ഉപയോഗിച്ചത് കാരണം കുടുംബവഴക്കായെന്ന് ആരോപിച്ച് വിവാഹമോചനം ആവശ്യപ്പെട്ട് യുവതി. ഉത്തർപ്രദേശിലെ ആഗ്രയിലാണ് സംഭവം. അമ്മായിയമ്മയുമായി തർക്കമുണ്ടായതിന് പിന്നാലെ ഭർത്താവ് ഗാർഹികപീഡനത്തിന് ഇരയാക്കിയെന്നും യുവതി പറയുന്നു. ഭർത്താവിന്റെ സഹോദരനെയാണ് യുവതിയുടെ സഹോദരി വിവാഹം ചെയ്തത്. എട്ട് മാസം മുൻപായിരുന്നു ഇവരുടെ വിവാഹം.
അമ്മായിയമ്മ വീടിനുള്ളിൽ പോലും മേക്കപ്പിട്ട് നടക്കുന്നതിനാൽ തനിക്ക് പുറത്തുപോകുമ്പോൾ പോലും അവ ഉപയോഗിക്കാൻ കഴിയുന്നില്ലെന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. അവർ വീടിനുള്ളിൽ വിലകൂടിയ വസ്ത്രങ്ങൾ ധരിച്ചാണ് നടക്കുന്നതെന്നും യുവതി പറയുന്നു. ഇത് വിലക്കിയതിനെ തുടർന്ന് അമ്മായിയമ്മ പ്രശ്‌നമുണ്ടാക്കി. വിഷയം യുവതിയുടെ ഭർത്താവിനെ അമ്മായിയമ്മ അറിയിച്ചു. തുടർന്ന് ഭർത്താവ് യുവതിയെ ഉപദ്രവിക്കാൻ തുടങ്ങി. സഹോദരിമാരെ വീട്ടിൽ നിന്ന് പുറത്താക്കുകയും ചെയ്തു.
രണ്ട് മാസമായി സഹോദരിമാർ സ്വന്തം വീട്ടിലാണ് താമസിക്കുന്നത്.കഴിഞ്ഞ ദിവസം യുവതിയെയും അമ്മായിയമ്മയെയും വിളിച്ചുവരുത്തി പോലീസ് കൗൺസിലിംഗ് നൽകിയെങ്കിലും ഫലമുണ്ടായില്ല. തന്നോട് ഒരു വാക്ക് പോലും ചോദിക്കാതെ അമ്മയുടെ വാക്ക് കേട്ട് ഉപദ്രവിച്ചയാൾക്കൊപ്പം മുന്നോട്ടുപോകാൻ കഴിയില്ലെന്നും വിവാഹമോചനം വേണമെന്നും യുവതി ആവർത്തിച്ചു.
Discussion about this post