മാലെ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ഔദ്യോഗികമായി മാപ്പ് പറയണമെന്ന് മാലിദ്വീപ് പ്രസിഡന്റിനോട് ആവശ്യപ്പെട്ട് പ്രതിപക്ഷം. പ്രതിപക്ഷ പാർട്ടിയായ മാലദ്വീപ് ജുമൂരി പാർട്ടി (ജെ.പി) നേതാവ് ഖാസിം ഇബ്രാഹിമാണ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിനോട് ഇക്കാര്യം ആവശ്യപ്പെട്ടത്. മുയിസുവിനെതിരെ ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടുവരാനുള്ള നീക്കങ്ങൾ നടക്കുന്നതിനിടെയാണ് പ്രതിപക്ഷം ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
‘ഒരു രാജ്യത്തേക്കുറിച്ചും, പ്രത്യേകിച്ച് അയൽരാജ്യത്തെ കുറിച്ച്, പരസ്പര ബന്ധത്തെ ബാധിക്കുന്ന തരത്തിൽ നമ്മൾ സംസാരിക്കാൻ പാടില്ല. നമ്മുടെ രാജ്യത്തോട് നമുക്കൊരു ബാധ്യതയുണ്ട്, അത് പരിഗണിക്കപ്പെടണം. മുൻ പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിഹ് ഇക്കാര്യം പരിഗണിച്ചിരുന്നു. അതുകൊണ്ടാണ് അദ്ദേഹം ‘ഇന്ത്യ ഔട്ട്’ ക്യാമ്പെയിൻ നിരോധിച്ച് ഉത്തരവിറക്കിയതും. ഈ ഉത്തരവ് പിൻവലിക്കാൻ പാടില്ല. അങ്ങനെ ചെയ്താൽ രാജ്യത്തിനാണ് നഷ്ടം. അതുണ്ടാകാൻ പാടില്ല. അതിനാൽ അങ്ങനെ ചെയ്യരുതെന്ന് ഞാൻ മുയിസുവിനോട് ആവശ്യപ്പെടുകയാണ്. ഒപ്പം പ്രസിഡന്റ് മുയിസു ചൈന സന്ദർശനത്തിന് ശേഷം നടത്തിയ പരാമർശങ്ങൾക്ക് ഇന്ത്യൻ സർക്കാരിനോടും പ്രധാനമന്ത്രി നരേന്ദ്രമോദിയോടും ഔദ്യോഗികമായി മാപ്പ് പറയണമെന്നും ഞാൻ ആവശ്യപ്പെടുന്നു’, ഖാസിം ഇബ്രാഹിം പറഞ്ഞു.
അതേസമയം മുയിസുവിന്റെ പ്രസിഡന്റ് കസേര തെറിക്കാനുള്ള സാധ്യത വർദ്ധിച്ചിരിക്കുകയാണ്. ഇംപീച്ച്‌മെന്റ് പ്രമേയവുമായി മുന്നോട്ടുപോവുകയാണ് പ്രതിപക്ഷം. പ്രധാന പ്രതിപക്ഷമായ മാലദ്വീപ് ഡെമോക്രാറ്റിക് പാർട്ടി ( എം.ഡി.പി ) ഇതിനായി എം.പിമാരുടെ ഒപ്പു ശേഖരണം തുടങ്ങി. സഖ്യകക്ഷികളായ ദ ഡെമോക്രാറ്റ്‌സിന്റെ പിന്തുണയുമുണ്ട്. 87 അംഗ പാർലമെന്റിൽ രണ്ട് പാർട്ടികൾക്കുമായി 55 സീറ്റുകളുണ്ട്. ഇവർക്കാണ് പാർലമെന്റിന്റെ നിയന്ത്രണം. ഇതിനകം 34 എം.പിമാർ ഇംപീച്ച്മെന്റ് പ്രമേയത്തിന് പിന്തുണ അറിയിച്ചെന്നാണ് വിവരം.ഇന്ത്യാ അനുകൂലിയായ മുൻ പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിഹിന്റെ പാർട്ടിയാണ് എം.ഡി.പി. മുയിസുവിന്റെ ഇന്ത്യാ വിരുദ്ധ നിലപാട് ഇംപീച്ച്‌മെന്റ് പ്രമേയത്തിന് ആക്കംകൂട്ടുന്നതായി ചില എം.ഡി.പി അംഗങ്ങൾ പറഞ്ഞു.
Discussion about this post