തൃശ്ശൂർ: ഭഗവാൻ ശ്രീരാമനെയും രാമായണത്തെയും സമൂഹമാദ്ധ്യമത്തിലൂടെ അവഹേളിച്ച സംഭവത്തിൽ തൃശ്ശൂർ എംഎൽഎ പി. ബാലചന്ദ്രന് പരസ്യശാസന. സിപിഐ ജില്ലാ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് ബാലചന്ദ്രനെ പരസ്യമായി ശാസിച്ചത്. പാർട്ടി നിലപാടുകൾക്ക് യോജിക്കാത്ത നടപടിയാണ് ബാലചന്ദ്രനിൽ നിന്നും ഉണ്ടായതെന്ന് സിപിഐ പ്രസ്താവനയിൽ പറഞ്ഞു.
ബാലചന്ദ്രന്റേത് ഗുരുതര അച്ചടക്ക ലംഘനം ആണെന്നായിരുന്നു സിപിഐ വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് എംഎൽഎയെ പരസ്യമായി ശാസിച്ചത്. കമ്യൂണിസ്റ്റ് പാർട്ടിയുടെ ഉത്തരവാദിത്വപ്പെട്ട സ്ഥാനത്ത് ഇരിക്കുന്ന വ്യക്തിയാണ് ബാലചന്ദ്രൻ. അങ്ങനെയിരിക്കേ ബാലചന്ദ്രന്റെ പരാമർശം ഗുരുതര അച്ചടക്ക ലംഘനം ആണെന്നും യോഗം വിലയിരുത്തി. വിവാദ പരാമർശങ്ങൾ പിൻവലിച്ച് മാപ്പ് പറഞ്ഞതായി യോഗത്തിൽ പി. ബാലചന്ദനും അറിയിച്ചു. വിഎസ് പ്രിൻസ് ജില്ലാ എക്‌സിക്യൂട്ടീവ് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗങ്ങളായ കെ.പി രാജേന്ദ്രൻ, സി.എൻ ജയദേവൻ എന്നിവരും യോഗത്തിൽ പങ്കെടുത്തു.
രാമക്ഷേത്ര പ്രാണപ്രതിഷ്ഠയ്്ക്ക് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ബാലചന്ദ്രൻ ശ്രീരാമനെയും രാമായണത്തെയും അധിക്ഷേപിച്ച് രംഗത്ത് എത്തിയത്. സംഭവത്തിൽ വലിയ പ്രതിഷേധം ഉയർന്നതോടെ അദ്ദേഹം പോസ്റ്റ് പിൻവലിച്ച് മാപ്പ് പറയുകയായിരുന്നു. എന്നാൽ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ പോസ്റ്റ് പാർട്ടിയ്ക്ക് വലിയ ക്ഷീണമുണ്ടാക്കുമെന്ന് സിപിഐ വിലയിരുത്തി. ഇതോടെ സംഭവത്തിൽ ബാലചന്ദ്രനിൽ നിന്നും വിശദീകരണം തേടുന്നതുൾപ്പെടെയുള്ള നടപടികളിലേക്ക് പാർട്ടി കടക്കുകയായിരുന്നു.
Discussion about this post