എറണാകുളം: പരാതിക്കാരിയെ പീഡിപ്പിച്ച കേസിൽ മുൻ സർക്കാർ പ്ലീഡർ പി.ജി മനു റിമാൻഡിൽ. ചോറ്റാനിക്കര ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് മനുവിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. ഇയാളെ 7 ദിവസത്തേക്ക് കോടതി പോലീസ് കസ്റ്റഡിയിൽ വിടുകയും ചെയ്തു. അടുത്തമാസം ആറ് വരെയാണ് കസ്റ്റഡി കാലാവധി.
ബുധനാഴ്ചയാണ് മനു പോലീസിൽ കീഴടങ്ങിയത്. പ്രാഥമിക ചോദ്യം ചെയ്യൽ പൂർത്തിയാക്കിയ ശേഷം ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇതിന് പിന്നാലെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയ ശേഷം മനുവിനെ കോടതിയിൽ ഹാജരാക്കി. കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കായി മനുവിനെ ചോദ്യം ചെയ്യണമെന്ന് പോലീസ് കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് കസ്റ്റഡിയിൽ വിട്ടത്.
രാവിലെ എറണാകുളം പുത്തൻകുരിശ് പോലീസ് മുൻപാകെയാണ് മനു കീഴടങ്ങിയത്. കേസിൽ മുൻകൂർ ജാമ്യം ആവശ്യപ്പെട്ട് നേരത്തെ മനു ഹൈക്കോടതിയെയും സുപ്രീംകോടതിയെയും സമീപിച്ചിരുന്നു. എന്നാൽ ഇരു കോടതികളും ഹർജി തള്ളുകയായിരുന്നു. ഇതേ തുടർന്നാണ് മനു കീഴടങ്ങിയത്. മനുവിന്റേത് ഗുരുതര കുറ്റകൃത്യമാണെന്ന് നിരീക്ഷിച്ചതിനെ തുടർന്നായിരുന്നു ഇരു കോടതിയും ജാമ്യം നിഷേധിച്ചത്.
പരാതിക്കാരി മറ്റൊരു പീഡനക്കേസിലെ ഇരകൂടിയാണ്. ഈ കേസിൽ നിയമസഹായം തേടിയാണ് ഇവർ മനുവിന്റെ അടുത്ത് എത്തിയത്. എന്നാൽ മനു ഇവരെ പീഡിപ്പിക്കുകയായിരുന്നു. ബലാത്സംഗം, ഐ ടി ആക്ട് അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് പി ജി മനുവിനെതിരെ കേസെടുത്തിരിക്കുന്നത്.
Discussion about this post