കോഴിക്കോട്: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തന്റെ ഹീറോ ആണെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി. മോദിയുടെ ഗ്യാരന്റി എന്നത് കേരളത്തിന് വേണ്ടി ഉള്ളതാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. കോഴിക്കോട് കണ്ടംകുളം ജൂബിലി ഹാളിൽ ‘എവേക് യൂത്ത് ഫോർ നേഷൻ’ കോൺക്ലേവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.
ഷബാനു കേസിൽ മുത്തലാഖ് നിർത്തലാക്കണം എന്നായിരുന്നു ആരിഫ് മുഹമ്മദ് ഖാന്റെ ആവശ്യം. ആ കേസുമായി ബന്ധപ്പെട്ടാണ് അദ്ദേഹം രാജീവ് ഗാന്ധി സർക്കാരിൽ നിന്ന് രാജിവെച്ചത്. ഈ സംഭവങ്ങൾ നടക്കുമ്പോൾ ഞാൻ കോളജ് വിദ്യാർഥിയായിരുന്നു. ഇന്ന് മുത്തലാഖ് നിർത്തലാക്കാൻ തീരുമാനിച്ച സഭയിൽ അംഗമാകാൻ എനിക്ക് സാധിച്ചുവെന്ന് മീനാക്ഷി ലേഖി പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയനെതിരെ എസ്എഫ്‌ഐഒ അന്വേഷണത്തിന് ഉത്തരവിട്ട സംഭവത്തെക്കുറിച്ചും മീനാക്ഷി ലേഖി പ്രതികരിച്ചു. രാഷ്ട്രീയ പ്രേരിതമല്ലെന്നാണ് മന്ത്രി പറഞ്ഞത്. ഇപ്പോൾ നടക്കുന്നത് സുതാര്യമായ അന്വേഷണമാണെന്നും അവർ ചൂണ്ടിക്കാട്ടി. സീസറിന്റെ ഭാര്യയും സംശയത്തിന് അതീതയായിരിക്കണമെന്നും മീനാക്ഷി ലേഖി കൂട്ടിച്ചേർത്തു.
Discussion about this post