കോഴിക്കോട്: സംയമനവും സമാധാനവും ക്ഷമയും പരസ്പര്യവുമാണ് ഇസ്ലാമിന്റെ ഭാഷയെന്ന് കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ. മുസ്ലിങ്ങളെ പ്രകോപിപ്പിക്കാമെന്നോ നിരാശപ്പെടുത്താമെന്നോ ആരും കരുതേണ്ടെന്ന് അദ്ദേഹം പറഞ്ഞു. അതിക്രമിച്ചു കയ്യേറിയ ഒരു സ്ഥലത്ത് നടത്തുന്ന ആരാധന സ്വീകാര്യമല്ല എന്നതാണ് മുസ്ലിങ്ങളുടെ വിശ്വാസം. അതുകൊണ്ടുതന്നെ, അങ്ങേയറ്റം സൂക്ഷ്മത പാലിച്ചു കൊണ്ടാണ് ഏതൊരു കാലത്തും മുസ്ലിങ്ങൾ ആരാധാനാലയങ്ങൾ പണിതതെന്ന് അദ്ദേഹം വ്യക്തമാക്കി. ആ നിബന്ധന പാലിച്ചു കൊണ്ടാണ് എക്കാലത്തും മുസ്ലിങ്ങള്‍ ആരാധനാലയങ്ങള്‍ പണിതത്. അങ്ങനെ നിര്‍ണയിക്കപ്പെട്ട സ്ഥലം എക്കാലത്തും ആരാധനാലയം തന്നെ ആയിരിക്കും. അവ ഇന്നല്ലെങ്കില്‍ മറ്റൊരു ദിവസം മുസ്ലിങ്ങളിലേക്ക് വന്നു ചേരുക തന്നെ ചെയ്യും. കഅബയുടെയും അഖ്സാ പള്ളിയുടെയും ചരിത്രം അതാണ് പഠിപ്പിക്കുന്നതെന്ന് കാന്തപുരം പറഞ്ഞു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ, വിവിധ സമയങ്ങളിൽ, ഒട്ടേറെ പ്രതിസന്ധികളിലൂടെ കടന്നു പോയവരാണ് മുസ്ലിംകൾ. ആത്മീയയമായ ഊർജ്ജം കൈവരിച്ചാണ് ഇത്തരം പ്രതിസന്ധികളെ മുസ്ലിംകൾ അതിജയിച്ചത്. ഇപ്പോഴത്തെ പ്രതിസന്ധികളയും പ്രയാസങ്ങളെയും ആത്മീയാനുഭവങ്ങൾ ആയി മനസിലാക്കാനാണ് ഇസ്ലാം പഠിപ്പിക്കുന്നതെന്ന് കാന്തപുരം പറഞ്ഞു. ‘സാമ്പത്തികം, രാഷ്ട്രീയം എന്നിങ്ങനെ പല രൂപത്തിൽ ആവാം പ്രശ്നങ്ങൾ പ്രത്യക്ഷപ്പെടുന്നത്. പക്ഷെ അവ ആത്യന്തികമായി ആത്മീയ പ്രശ്നങ്ങളാണ്. പ്രാർഥന കൊണ്ടും വിശ്വാസം കൊണ്ടുമാണ് പ്രശ്നങ്ങളെ അതിജയിക്കേണ്ടത്. സ്രഷ്ടാവിന്റെ കാരുണ്യത്തിൽ പ്രതീക്ഷയർപ്പിച്ചിരിക്കുന്ന വിശ്വാസികളെ നിരാശരാക്കാൻ ആർക്കും കഴിയില്ല. സംയമനവും സമാധാനവും ക്ഷമയും പാരസ്പര്യവുമാണ് ഇസ്ലാമിന്റെ ഭാഷയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post