ന്യൂഡൽഹി: രാഷ്ട്രപതിയുടെ നന്ദിപ്രമേയ ചർക്കുള്ള മറുപടിയിൽ പ്രതിപക്ഷത്തെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസിന്റെ കുടുംബഭരണം കാരണം കഴിവുള്ളവർക്ക് ഉയരാൻ കഴിഞ്ഞില്ലെന്ന് നരേന്ദ്ര മോദി കുറ്റപ്പെടുത്തി. ഒരു കുടുംബത്തിലെ കൂടുതൽ പേർ രാഷ്ട്രീയത്തിൽ എത്തുന്നത് ദോഷകരമായ കാര്യമല്ല. എന്നാൽ, കുടുംബം പാർട്ടിയെ നയിക്കുന്നത് ജനാധിപത്യത്തിന് അപകടമാണെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.
പ്രതിപക്ഷത്തിന് ഇനി അടുത്ത കാലത്തൊന്നും അധികാരത്തിൽ ഇരിക്കാൻ കഴിയില്ല. ദീർഘകാലം പ്രതിപക്ഷത്തിലിരിക്കാനുള്ള തീരുമാനത്തിലാണ് കോൺഗ്രസ്. വീണ്ടും പ്രതിപക്ഷത്തിരിക്കാൻ ജനം ആനുഗ്രഹിക്കും. തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ മത്സരിപ്പിക്കാൻ ജനങ്ങൾക്ക് താത്പര്യമില്ല. മികച്ച പ്രതിപക്ഷമാകാനുള്ള അവസരം പോലും കോൺഗ്രസ് നഷ്ടപ്പെടുത്തി. കട തുറക്കുമെന്ന് പറഞ്ഞവർ കട പൂട്ടുന്ന തിരക്കിലാണെന്നും അദ്ദേഹം പരിഹസിച്ചു.
പി ചിദംബരത്തെയും മോദി രൂക്ഷമായി വിമർശിച്ചു. 2014ൽ ഇന്ത്യ പതിനൊന്നാം സാമ്പത്തിക ശക്തിയായതിൽ ചിദംബരത്തിന് അഭിമാനിക്കാം. പല പ്രതിപക്ഷ നേതാക്കൾക്കും തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇപ്പോൾ ഭയമാണ്. ലോകസഭയിലേക്ക് മത്സരിക്കുന്നതിന് പകരം രാജ്യസഭാംഗമാകാനാണ് പല നേതാക്കളും ശ്രമിക്കുന്നതെന്നും മോദി വിമർശിച്ചു.
Discussion about this post