ലണ്ടൻ: ചാൾസ് മൂന്നാമൻ രാജാവിന് അർബുദം. ബക്കിംഗ്ഹാം കൊട്ടാരം ആണ് ഔദ്യോഗിക പ്രസ്താവനയിലൂടെ ഇക്കാര്യം അറിയിച്ചത്. രോഗം തിരിച്ചറിഞ്ഞതിനെ തുടർന്ന് ചികിത്സകൾ ആരംഭിച്ചതായും കൊട്ടാരം അറിയിച്ചു.
അടുത്തിടെ ചാൾസ് മൂന്നാമൻ പ്രോസ്റ്റേറ്റ് ഗ്രന്ഥി വലുതാക്കാനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. ഇതിന് പിന്നാലെയാണ് അർബുദം സ്ഥിരീകരിച്ചത്. ചികിത്സയുടെ ഭാഗമായി അദ്ദേഹം പൊതുപരിപാടികളിൽ നിന്നും കൂടിക്കാഴ്ചകളിൽ നിന്നും വിട്ട് നിൽക്കും. ഈ സാഹചര്യത്തിൽ ഊഹാപോഹങ്ങൾ പ്രചരിക്കാതിരിക്കാൻ വേണ്ടിയാണ് രോഗവിവരം ബക്കിംഗ്ഹാം കൊട്ടാരം പുറത്തുവിട്ടത്. നിലവിൽ സ്റ്റേജ് ത്രീ അർബുദം ആണ് അദ്ദേഹത്തിന് സ്ഥിരീകരിച്ചത്.
നിലവിൽ അദ്ദേഹത്തിന്റെ ആരോഗ്യത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ചികിത്സകളോട് ശരീരം നല്ല രീതിയിൽ പ്രതികരിക്കുന്നുണ്ട്. പൊതുപരിപാടികളിൽ പങ്കെടുക്കുന്നതും യാത്രകളുമെല്ലാം ഒഴിവാക്കാനാണ് അദ്ദേഹത്തിന് ഡോക്ടർമാർ നൽകിയിരിക്കുന്ന നിർദ്ദേശം. അതിനാൽ ഓഫീസിലെ ജോലികൾ മാത്രമേ അദ്ദേഹം ചെയ്യുകയുള്ളൂവെന്നും കൊട്ടാരം അറിയിച്ചു.
കഴിഞ്ഞ മാസമാണ് പ്രോസ്‌റ്റേറ്റ് ഗ്രന്ഥി വലുതാക്കാനുള്ള ശസ്ത്രക്രിയയ്ക്ക് ചാൾസ് മൂന്നാമൻ വിധേയനായത്. ദി ലണ്ടൻ ക്ലിനിക്കിൽ ആയിരുന്നു ശസ്ത്രക്രിയ. ഇതിന് പിന്നാലെ അദ്ദേഹത്തിന് ആരോഗ്യപ്രശ്‌നങ്ങൾ അനുഭവപ്പെടുകയായിരുന്നു. ഇതേ തുടർന്ന് നടത്തിയ പരിശോധനയിൽ ആണ് അർബുദം സ്ഥിരീകരിച്ചത്.
Discussion about this post