എറണാകുളം: പി.വി അൻവർ എംഎൽഎയുടെ ഉടമസ്ഥതയിൽ കക്കാടംപൊയിലെ പിവിആർ നാച്‌നഫോ പാർക്ക് തുറക്കുന്നതിനെതിരായ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. എംഎൽഎയുടെ പാർക്ക് തുറക്കാൻ അനുമതി നൽകി കൊണ്ടുള്ള സർക്കാർ ഉത്തരവ് റദ്ദാക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി. അനധികൃത നിർമ്മാണങ്ങൾ പൊളിച്ച് നീക്കണമെന്നും ഹർജിയിൽ ആവശ്യമുണ്ട്.
പാർക്ക് പ്രവർത്തിക്കുന്നത് പഞ്ചായത്തിൻറെ ലൈസൻസ് വാങ്ങാതെയാണെന്നാണ് ഹർജിയിലെ ആരോപണം. ഇതേ തുടർന്ന് പാർക്കിന് ലൈസൻസ് ഉണ്ടോയെന്ന് വിശദമാക്കാൻ കോടതി നേരത്തെ കൂടരഞ്ഞി പഞ്ചായത്തിനോട് ആവശ്യപ്പെട്ടിരുന്നു. ലൈസൻസ് ഇല്ലാതെയാണ് പാർക്ക് പ്രവർത്തിക്കുന്നത് എന്ന് ഇന്നലെ പഞ്ചായത്ത് കോടതിയെ അറിയിച്ചിട്ടുണ്ട്. ലൈസൻസ് ഇല്ലാതെ എങ്ങനെ പാർക്ക് പ്രവർത്തിക്കും എന്നായിരുന്നു ഇതിനോട് കോടതി പ്രതികരിച്ചത്. ഈ സാഹചര്യത്തിൽ അൻവറിന് തിരിച്ചടിയായേക്കാവുന്ന വിധിയാണ് പ്രതീക്ഷിക്കുന്നത്.
ലൈസൻസിനായി അപൂർണമായ അപേക്ഷയാണ് അൻവർ നൽകിയിരിക്കുന്നത് എന്നാണ് പഞ്ചായത്ത് പറയുന്നത്. അപേക്ഷയിൽ പിഴവുണ്ടായിരുന്നു. ഇത് തിരുത്തി പുതിയ അപേക്ഷ നൽകാൻ ആവശ്യപ്പെട്ടെങ്കിലും നൽകിയില്ലെന്നും പഞ്ചായത്ത് വ്യക്തമാക്കുന്നുണ്ട്. ഇത് കേട്ട കോടതി മറുപടി നൽകാൻ സർക്കാരിന് നിർദ്ദേശം നൽകിയിട്ടുണ്ട്.
കേരള നദീസംരക്ഷണ സമിതി മുൻ ജനറൽ സെക്രട്ടറി ടി.വി രാജനാണ് പാർക്ക് തുറക്കുന്നതിനിടെ ഹർജി നൽകിയത്. 2018 ൽ ഉണ്ടായ ഉരുൾപൊട്ടലിനെ തുടർന്നാണ് പാർക്ക് അടച്ചുപൂട്ടിയത്. എന്നാൽ അടുത്തിടെ ഇത് തുറന്ന് പ്രവർത്തിക്കാൻ സർക്കാർ അനുമതി നൽകുകയായിരുന്നു. ശാസ്ത്രീയ പഠനം ഇല്ലാതെയായിരുന്നു അനുമതി നൽകിയത്. ഇതേ തുടർന്നാണ് ഇതിനെതിരെ രാജൻ കോടതിയെ സമീപിച്ചത്.
Discussion about this post