തൃശ്ശൂർ: കേരളത്തിലെ സാധാരണക്കാരുടെ പ്രിയങ്കരനായി കേന്ദ്രം നൽകുന്ന ഭാരത് അരി. ദിവസങ്ങൾക്കുള്ളിൽ തന്നെ സംസ്ഥാനത്ത് എത്തിച്ച അരി മുഴുവനും വിറ്റ് തീർന്നു. ആവശ്യം പരിഗണിച്ച് കൂടുതൽ അരി സംസ്ഥാനത്തേക്ക് എത്തിക്കുന്നുണ്ട്.
ചൊവ്വാഴ്ച മുതലാണ് കേരളത്തിൽ അരി വിൽപ്പന ആരംഭിച്ചത്. ആദ്യ ദിനം തന്നെ നിരവധി പേരാണ് അരി വാങ്ങിയത്. പിന്നീടുള്ള ദിവസങ്ങളിലും അരിയ്ക്കായുള്ള ആവശ്യക്കാരുടെ എണ്ണം വർദ്ധിച്ചു. ഇതാണ് അരി പെട്ടെന്ന് തീരാൻ കാരണം. വിലക്കുറവ്, ഗുണമേന്മ, വേഗത്തിൽ പാകമാകുന്നു എന്നീ സവിശേഷതകളാണ് അരിയ്ക്ക് പെട്ടെന്ന് തന്നെ ആവശ്യക്കാർ വർദ്ധിക്കാൻ കാരണം. അരി ലഭിക്കാതെ വന്നതോടെ നിരവധി പേരാണ് എൻസിസിഎഫ് കൊച്ചി ഓഫീസുമായി നേരിട്ടും ഫോണിലൂടെയും അന്വേഷണം നടത്തുന്നത്.
ഡിമാൻഡ് വർദ്ധിക്കുന്ന സാഹചര്യത്തിൽ വീടുകളിലേക്ക് നേരിട്ട് എത്തുന്ന മൊബൈൽ ഷോപ്പുകൾ തുടങ്ങാൻ തീരുമാനം ആയിട്ടുണ്ട്. അഞ്ച്, 10 കിലോ വീതമുള്ള പായ്ക്കറ്റുകളാണ് മൊബൈൽ ഷോപ്പുകളിൽ നിന്നും ഉപഭോക്താക്കൾക്ക് ലഭിക്കുക. സംസ്ഥാനത്ത് 200 ഔട്ട്‌ലെറ്റുകളാണ് അരി വിൽപ്പനയ്ക്കായി തുറക്കാൻ തീരുമാനിച്ചിരിക്കുന്നത്. എന്നാൽ സാങ്കേതിക കാരണങ്ങളാൽ ഇത് വൈകുന്നുണ്ട്. ഇതേ തുടർന്നാണ് മൊബൈൽ ഷോപ്പുകൾ ആരംഭിക്കാൻ തീരുമാനിച്ചത്. ഒരാഴ്ചയ്ക്കുള്ളിൽ ഇതിന് തുടക്കമാകും.
രജിസ്‌റ്റേഡ് സൊസൈറ്റികൾ, സ്വകാര്യ സംരംഭകർ എന്നിവർ മുഖേനയും വിൽപ്പന നടത്തും. കടകൾ വഴിയുള്ള വിൽപ്പനയ്ക്കും ആലോചനയുണ്ട്. അവർക്ക് കമ്മീഷൻ നൽകണം. ഇതിനായുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്.
Discussion about this post