തിരുവനന്തപുരം: കാർഷിക ശാസ്ത്രജ്ഞൻ എം.എസ് സ്വാമിനാഥന് ഭാരത് രത്‌ന പുരസ്‌കാരം ലഭിച്ചതിൽ സന്തോഷം പങ്കുവച്ച് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. അദ്ദേഹത്തിന് അർഹമായ പുരസ്‌കാരമാണ് ലഭിച്ചിരിക്കുന്നത്. ഒരു മലയാളി എന്ന നിലയിൽ അഭിമാനം വാനോളം ആണെന്നും സുരേഷ് ഗോപി വ്യക്തമാക്കി. എംഎസ് സ്വാമിനാഥനൊപ്പമുള്ള ചിത്രം പങ്കുവച്ച് ഫേസ്ബുക്കിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
എംഎസ് സ്വാമിനാഥൻ സാറിന് ഭാരത് രത്‌ന പുരസ്‌കാരം ലഭിച്ചതിൽ അതിയായ സന്തോഷം. കാർഷിക, സുസ്ഥിര വികസനത്തിന് താങ്കൾ നൽകിയ പകരം വയ്ക്കാനാകാത്ത സംഭാവനകൾ നമ്മുടെ രാജ്യത്തെ നിർണായക സ്ഥാനത്ത് എത്തിച്ചു. താങ്കളെ തേടിയെത്തിയിരിക്കുന്നത് അർഹതപ്പെട്ട പുരസ്‌കാരം ആണ്. മാതൃരാജ്യത്തോട് അങ്ങ് പുലർത്തിയ കൂറിനും പ്രതിജ്ഞാബദ്ധതയ്ക്കുമുള്ള സാക്ഷ്യപത്രം കൂടിയാണ് ഈ ബഹുമതി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരു മലയാളി എന്ന നിലയിൽ അഭിമാനം വാനോളമാണ്. ആലപ്പുഴയിൽ മങ്കൊമ്പിനടുത്താണ് എന്റെ തറവാട് വീട്. അതിനാൽ മങ്കൊമ്പ്കാരന് ലഭിക്കുന്ന ഈ അത്യുന്നത ബഹുമതിയിൽ ഏറെ സന്തോഷവും അഭിമാനവും ഞാൻ പങ്കുവെക്കുന്നുവെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
ഉച്ചയോടെയാണ് എംഎസ് സ്വാമി്‌നാഥൻ, മുൻ പ്രധാനമന്ത്രിമാരായ നരസിംഹറാവു, ചൗധരി ചരൺ സിംഗിനും ഭാരത് രത്‌ന നൽകുന്നതായി പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് എക്‌സിലൂടെ ഇക്കാര്യം അറിയിച്ചത്. എംജിആറിന് ശേഷം ഭാരത് രത്‌ന നേടുന്ന ആദ്യ മലയാളിയാണ് എംഎസ് സ്വാമിനാഥൻ.
Discussion about this post