ലക്‌നൗ: വിദ്വേഷ പ്രസംഗത്തിന്റെ പേരിൽ ഇത്തെഹാദ് ഇ മിലിയത് കൗണ്‌സിൽ മേധാവി തൗഖീർ റാസ ഖാനെ കസ്റ്റഡിയിൽ എടുത്തതിന്റെ പേരിൽ കലാപത്തിന് ശ്രമം. വെള്ളിയാഴ്ച ഉച്ചയ്ക്ക് നൂറ് കണക്കിന് പേർ ബറേലി നഗരത്തിൽ തടിച്ച് കൂടി. തക്ക സമയത്ത് പോലീസ് എത്തിയതിനാൽ വൻ സംഘർഷമാണ് ഒഴിവായത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് നമാസിന് ശേഷം ആയിരുന്നു ആളുകൾ തെരുവിൽ തടിച്ച് കൂടിയത്. കസ്റ്റഡിയിൽ എടുത്ത റാസ ഖാനെ മോചിപ്പിക്കണം എന്നാണ് ഇവരുടെ ആവശ്യം. മുദ്രാവാക്യം വിളികളുമായി ഇവർ തടിച്ചുകൂടിയെന്ന വിവരം ലഭിച്ചതോടെ വൻ പോലീസ് സന്നാഹം പ്രദേശത്ത് വിന്യസിച്ചു. അതിനാൽ അനിഷ്ട സംഭവങ്ങൾ ഒഴിവായി.
മുഖ്യമന്ത്രിയുടെ പരാമർശത്തിൽ പ്രതിഷേധിക്കണമെന്നും ജയിൽ നിറയ്ക്കണം എന്ന് റാസ ഖാൻ ആഹ്വാനം ചെയ്തിരുന്നു. ഇതേ തുടർന്നാണ് അനുയായികൾ തടിച്ച് കൂടിയത്. പോലീസിനെ കണ്ടതോടെ ഇവർ മാർച്ച് മാത്രമാണ് നടത്തിയത്. തെരുവുകളിലൂടെ നീങ്ങുന്ന ഇവരുടെ വീഡിയോകൾ സമൂഹമാ്ദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ആയിരത്തോളം പോലീസുകാരാണ് അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ ബറേലിയിൽ വിന്യസിച്ചിരിക്കുന്നത്. സംഘത്തിൽ ആറ് അഡീഷണൽ പോലീസ് സൂപ്രണ്ടുമാരും, 12 സർക്കിൾ ഓഫീസർമാരും ഉൾപ്പെട്ടിട്ടുണ്ട്. ഹിന്ദുക്കളും മുസ്ലീങ്ങളും ഒന്നിച്ച് താമസിക്കുന്ന മേഖലകളിൽ പ്രത്യേക ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. മേഖലകളിലേക്ക് പ്രവേശിക്കുന്ന സ്ഥലങ്ങളിൽ വൻ പോലീസ് കാവലാണ് ഏർപ്പെടുത്തിയിട്ട്ുള്ളത്. ഉത്തരാഖണ്ഡിന്റെ അതിർത്തി മേഖലകളിലും ജാഗ്രതാ നിർദ്ദേശമുണ്ട്.
കഴിഞ്ഞ ദിവസമാണ് വിദ്വേഷ പരാമർശവുമായി റാസ ഖാൻ രംഗത്ത് എത്തിയത്. ജ്ഞാൻവാപിയും, മഥുരയുമെല്ലാം മുസ്ലീങ്ങൾ തിരിച്ച് നൽകാൻ തയ്യാറാകണം എന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിയമസഭയിൽ പറഞ്ഞിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു റാസയുടെ വിദ്വേഷ പ്രസംഗം. ഇതിനിടെയാണ് ജയിലുകൾ നിറയ്ക്കാൻ ആഹ്വാനം ചെയ്തത്.
Discussion about this post