ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ. ഡൽഹിയിലെ പ്രധാനമന്ത്രിയുടെ വസതിയിൽ എത്തിയായിരുന്നു കൂടിക്കാഴ്ച. വിവിധ വിഷയങ്ങൾ കൂടിക്കാഴ്ച വേളയിൽ ചർച്ചയായതായി റാഫേൽ തട്ടിൽ പറഞ്ഞു.
പ്രധാനമന്ത്രിയുമായി നിരവധി കാര്യങ്ങൾ ചർച്ച ചെയ്തു. ഇവയെല്ലാം മാദ്ധ്യമങ്ങൾക്ക് മുൻപിൽ വെളിപ്പെടുത്താൻ നിലവിൽ സാധിയ്ക്കില്ല. കൂടിക്കാഴ്ച സൗഹാർദ്ദപരമായിരുന്നു. ആർച്ച് ബിഷപ്പായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ പ്രധാനമന്ത്രിയെ കണ്ടു എന്ന് മാത്രം. പലരുമുണ്ടായിട്ടും ആദ്യം കാണാൻ അവസരം പ്രധാനമന്ത്രി തന്നത് തനിക്കാണെന്നും റാഫേൽ തട്ടിൽ കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രിയ്ക്ക് കത്തോലിക്ക സഭയോട് താത്പര്യമുണ്ട്. അതുകൊണ്ടാണ് ആദ്യമായി കാണാൻ തനിക്ക് തന്നെ അനുമതി തന്നത്. തിരഞ്ഞെടുക്കപ്പെട്ട സർക്കാരുമായി രാഷ്ട്രീയം നോക്കാതെ സഹകരിക്കേണ്ടതുണ്ട്. അത് തങ്ങളുടെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം വിശദമാക്കി.
മാർപ്പാപ്പയുടെ ഇന്ത്യൻ സന്ദർശനത്തിൽ തീരുമാനം ആയിട്ടില്ല. അദ്ദേഹം ഇന്ത്യയിലേക്ക് വരാൻ ആഗ്രഹിക്കുന്നുണ്ടെന്നും റാഫേൽ തട്ടിൽ വ്യക്തമാക്കി.
Discussion about this post