വയനാട്: മാനന്തവാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി നാട്ടുകാർ. കൊല്ലപ്പെട്ട അജീഷിന്റെ മൃതദേഹവുമായി നാട്ടുകാർ പ്രതിഷേധ പ്രകടനം നടത്തുന്നു. അധികൃതർക്കെതിരെ ശക്തമായ ജനരോഷമാണ് മാനന്തവാടിയിൽ നിന്നും ഉയരുന്നത്. നേരത്തെ ഇവിടെയെത്തിയ വയനാട് എസ്പിയെ പ്രതിഷേധക്കാർ തടഞ്ഞിരുന്നു.
മാനന്തവാടി കോഴിക്കോട് റോഡിലാണ് മൃതദേഹവും വഹിച്ചുള്ള പ്രതിഷേധ പ്രകടം. മാനന്തവാടിയിലേക്കുള്ള പ്രധാന റോഡുകൾ നാട്ടുകാർ ഉപരോധിച്ചു. ശക്തമായ പ്രതിഷേധത്തെ തുടർന്ന് നാല് വാർഡുകളിൽ നിരോധനാജ്ഞ ഏർപ്പെടുത്തിയിട്ടുണ്ട്.
ഇന്ന് രാവിലെയാണ് അജീഷ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. നടന്ന് പോകുന്നതിനിടെ അപ്രതീക്ഷിതമായി അജീഷ് കാട്ടാനയുടെ മുൻപിൽ അകപ്പെടുകയായിരുന്നു. തുടർന്ന് അദ്ദേഹം ഭയന്ന് ഓടി മറ്റൊരു വീടിന് ഉള്ളിലേക്ക് കയറാൻ ശ്രമിച്ചു. എന്നാൽ പിന്തുടർന്നെത്തിയ ആന വീടിന്റെ മതിൽ പൊളിച്ച് അജീഷിനെ ആക്രമിക്കുകയായിരുന്നു.ഉടനെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല.
ഡിഎഫ്ഒ വന്നാൽ മാത്രമേ മൃതദേഹം ഏറ്റുവാങ്ങൂ എന്നായിരുന്നു നാട്ടുകാരുടെ നിലപാട്. എന്നാൽ പിന്നീട്് അധികൃതരുമായി നടത്തിയ ചർച്ചയ്ക്കിടെ മൃതദേഹം ഏറ്റുവാങ്ങുകയായിരുന്നു. ഇതിനിടെയാണ് ആശുപത്രിയിലേക്ക് എസ്പി എത്തിയത്. എന്നാൽ അദ്ദേഹത്തെ നാട്ടുകാർ തടഞ്ഞു. തുടർന്ന് ആശുപത്രിയിലേക്ക് പോകാൻ കഴിയാതെ അദ്ദേഹം മടങ്ങുകയായിരുന്നു.
Discussion about this post