ന്യൂഡൽഹി; പൗരത്വ നിയമത്തിന്റെ പേരിൽ മുസ്ലീം സഹോദരങ്ങളെ ചിലർ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സിഎഎ ഉത്തരവ് തിരഞ്ഞെടുപ്പിന് മുമ്പായി വരും. ആർക്കും അതിൽ യാതൊരു സംശയവും വേണ്ട. ആരുടേയും പൗരത്വം എടുത്തുകളയാനല്ല പൗരത്വ നിയമംഭേദഗതി ചെയ്തത്. പൗരത്വം നൽകാനാണ്. സിഎഎ സംബന്ധിച്ച് ന്യൂനപക്ഷങ്ങളെ, പ്രത്യേകിച്ച് നമ്മുടെ മുസ്ലിം സഹോദരങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും പ്രകോപിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സിഎഎയിൽ ആരുടേയും പൗരത്വം എടുത്തുകളയാൻ വ്യവസ്ഥയില്ല. ബംഗ്ലാദേശിലും പാകിസ്താനിലും അഫ്ഗാനിസ്താനിലും പീഡനം അനുഭവിക്കുന്നവർക്ക് ഇന്ത്യൻ പൗരത്വം നൽകാനുള്ളതാണ് സിഎഎയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കോൺഗ്രസ് നേതാക്കൾ രാജ്യത്തെ വിഭജിച്ചപ്പോൾ നമ്മുടെ ചില അയൽരാജ്യങ്ങളിൽ ക്രിസ്ത്യാനികൾ ന്യൂനപക്ഷമായിരുന്നു. അവർ അതിക്രമങ്ങൾ നേരിടുമ്പോൾ, നിങ്ങൾ ഇന്ത്യയിലേക്ക് മാറാൻ സ്വാഗതം ചെയ്യുന്നു, നിങ്ങൾക്ക് പൗരത്വം നൽകുമെന്ന് കോൺഗ്രസ് നേതാക്കൾ അവരോട് പറഞ്ഞു. അഭയാർത്ഥികൾക്ക് ഇന്ത്യയിലേക്ക് സ്വാഗതം എന്ന് കോൺഗ്രസ് ഉറപ്പ് നൽകിയിരുന്നു. ഇപ്പോൾ അവർ പിന്മാറുകയാണെന്ന് അമിത് ഷാ കുറ്റപ്പെടുത്തി.
1947ലെ രാജ്യ വിഭജനത്തിന് ഉത്തരവാദികളായ നെഹ്റുവിന്റെ ഇളമുറക്കാർക്ക് ഭാരത് ജോഡോ യാത്രയുമായി മുന്നോട്ടുപോകാൻ ധാർമികതയില്ലെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.
Discussion about this post