ഇൻഡോർ:കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കോൺഗ്രസ് ഗോത്രവർഗക്കാർക്കും പാവപ്പെട്ടവർക്കും എതിരാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. വർഷങ്ങളായി അധികാരത്തിൽ ഇരുന്നിട്ടും ഗോത്രവർഗ യുവാക്കളെയും കുട്ടികളെയും കുറിച്ച് കോൺഗ്രസ് ഗൗനിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മദ്ധ്യപ്രദേശിലെ ത്സബുവ ജില്ലയിൽ ജൻ ജാതി മഹാസഭയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ഇത്രയും കാലം കോൺഗ്രസിന് ഭരിക്കാൻ അവസരം ലഭിച്ചു. എന്നാൽ 100 ഏകലവ്യ സ്‌കൂളുകൾ മാത്രമാണ് തുറന്നത്. കഴിഞ്ഞ പത്ത് വർഷത്തിനിടെ ബിജെപി സർക്കാർ നാലിരട്ടി ഏകലവ്യ സ്‌കൂളുകളാണ് തുറന്നത് . വിദ്യാഭ്യാസമില്ലെന്ന കാരണത്താൽ ഒരു വനവാസി വിദ്യാർത്ഥിയും പിന്നോട്ട് മാറിനിൽക്കേണ്ടി വരുന്ന സന്ദർഭം ഉണ്ടാകരുതെന്ന് ബിജെപിക്ക് നിർബന്ധമായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു.
വനവാസി സമൂഹത്തിനെ പ്രതിസന്ധിയിലാക്കിയ രോഗമായിരുന്നു സിക്കിൾ സെൽ അനീമിയ. രോഗം കാരണം നൂറുകണക്കിന് പേരുടെ ജീവനാണ് ഓരോ വർഷവും നഷ്ടമായത്. എന്നിട്ടും അക്കാലത്ത് ഭരിച്ചിരുന്ന കോൺഗ്രസ് സർക്കാർ ഇതിനുവേണ്ടി ഒന്നു തന്നെ ചെയ്തില്ല. മരണങ്ങൾ നോക്കി നിൽക്കുകയാണ് ചെയ്തത്. എൻഡിഎ സർക്കാർ സിക്കിൾ സെൽ അനീമിയക്കെതിരെ ബോധവത്കരണം ആരംഭിച്ചത് വോട്ടിന് വേണ്ടിയല്ല. വനവാസികളുടെ ക്ഷേമത്തിന് വേണ്ടിയാണ്. കാരണം, എൻഡിഎ സർക്കാരിനെ സംബന്ധിച്ചിടത്തോളം വനവാസി സമൂഹമെന്നത് വോട്ട് ബാങ്കല്ല. അവർ നമ്മുടെ രാജ്യത്തിന്റെ അഭിമാനമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
മദ്ധ്യപ്രദേശിൽ7,550 കോടി രൂപയുടെ വികസന പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും പ്രധാനമന്ത്രി നിർവ്വഹിച്ചു. മുഖ്യമന്ത്രി മോഹൻ യാദവും മറ്റ് മന്ത്രിസഭയിലെ മറ്റ് മന്ത്രിമാരും ചടങ്ങിൽ പങ്കെടുത്തു.
Discussion about this post