പാലക്കാട് : ഇരുസഭകൾ തമ്മിലുള്ള തർക്കത്തെ തുടർന്ന് ഒരു വിഭാഗം സിമിത്തേരി പൂട്ടിയിട്ടത് സംഘർഷത്തിന് കാരണമായി. പാലക്കാട് ചാലിശ്ശേരിയിൽ ആണ് സംഭവം. ഞായറാഴ്ച വിശ്വാസികൾ പ്രാർത്ഥനയ്ക്കുശേഷം സെമിത്തേരിയിൽ സന്ദർശനം നടത്തുന്നത് പതിവായതിനാലാണ് ഓർത്തഡോക്സ് വിഭാഗം സെമിത്തേരി പൂട്ടിയിട്ടത്. ഇതോടെ യാക്കോബായ വിഭാഗം പ്രതിഷേധവുമായി സ്ഥലത്ത് സംഘടിച്ചു.
ചാലിശ്ശേരി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിലാണ് സംഭവം നടന്നത്. പള്ളിയുടെ അവകാശത്തെ ചൊല്ലി ഓർത്തഡോക്സ് വിഭാഗവും യാക്കോബായ വിഭാഗവും തമ്മിൽ തർക്കം രൂക്ഷമാണ്. ഇതിനെ തുടർന്നാണ് ഞായറാഴ്ച കുർബാനയ്ക്കുശേഷം ബന്ധുക്കളെ അടക്കം ചെയ്ത കല്ലറകളിൽ യാക്കോബായ വിശ്വാസികൾ പ്രാർത്ഥിക്കാൻ എത്തിയ സമയത്ത് ഓർത്തഡോക്സ് വിഭാഗം സെമിത്തേരി പൂട്ടിയിട്ടത്.
യാക്കോബായ വിഭാഗം പ്രതിഷേധിച്ചെങ്കിലും ഓർത്തഡോക്സ് ഭരണസമിതി സെമിത്തേരി തുറക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് സ്ഥലത്ത് സംഘർഷം ഉണ്ടായി. ചാലിശ്ശേരി, തൃത്താല പോലീസ് സ്റ്റേഷനുകളിലെ എസ് ഐ മാരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ആണ് സ്ഥലത്തെ സ്ഥിതിഗതികൾ നിയന്ത്രിച്ചത്. തുടർന്ന് യാക്കോബായ വിശ്വാസികൾ സെമിത്തേരിക്ക് പുറത്ത് പ്രാർത്ഥന നടത്തി മടങ്ങുകയായിരുന്നു.
Discussion about this post