ഇടുക്കി: ഉടുമ്പൻ ചോലയിൽ അയൽവാസി പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ യുവതി ചികിത്സയിലിരിക്കെ മരിച്ചു. പാറക്കൽ സ്വദേശി ഷീലയാണ് മരിച്ചത്. സംഭവത്തിൽ പ്രതി ശശിയെ പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ഷീലയ്ക്ക് നേരെ ആക്രമണം ഉണ്ടായത്. തോട്ടം തൊഴിലാളിയാണ് ഷീല. ഏലത്തോട്ടത്തിൽ പണിയെടുക്കുന്നതിനിടെ ശശി വലിച്ചിഴച്ച് വീടിനുള്ളിൽ പൂട്ടിയിട്ട ശേഷം യുവതിയുടെ ശരീരത്തിൽ പെട്രോൾ ഒഴിച്ച് തീയിടുകയായിരുന്നു. ഉടനെ പോലീസ് എത്തി യുവതിയെ ആശുപത്രിയിൽ എത്തിച്ചു.
ആക്രമണത്തിൽ ഷീലയ്ക്ക് 60 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. ആദ്യം പ്രദേശത്തെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു ഷീലയെ പ്രവേശിപ്പിച്ചത്. എന്നാൽ ആരോഗ്യനില വഷളായതിനെ തുടർന്ന് പിന്നീട് തേനി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഷീലയുടെ മൃതദേഹം ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.
Discussion about this post