തിരുവനന്തപുരം : തിരുവനന്തപുരത്ത് നിർമ്മാണം പൂർത്തിയായിരിക്കുന്ന ബിജെപിയുടെ സംസ്ഥാന കാര്യാലയത്തിന്റെ ഗൃഹപ്രവേശന ചടങ്ങുകൾക്ക് നിരവധി രാഷ്ട്രീയ സാംസ്കാരിക പ്രമുഖരാണ് പങ്കെടുത്തത്. കെ ജി മാരാർജി ഭവൻ എന്ന് പേരിട്ടിരിക്കുന്ന പുതിയ സംസ്ഥാന കാര്യാലയം തിരുവനന്തപുരം തമ്പാനൂർ അരിസ്റ്റോ ജംഗ്ഷന് സമീപമാണ് പണികഴിപ്പിച്ചിട്ടുള്ളത്. 50 സെന്റ് സ്ഥലത്ത് അറുപതിനായിരം ചതുരശ്ര അടി വിസ്തീർണത്തിൽ 7 നിലകളിലായാണ് കെട്ടിടം നിർമ്മിക്കപ്പെട്ടിട്ടുള്ളത്. സംസ്ഥാന കാര്യാലയത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം പിന്നീട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നിർവഹിക്കുന്നതാണ്.
തിങ്കളാഴ്ച രാവിലെ അഞ്ചുമണിക്ക് ആരംഭിച്ച വിശേഷാൽ പൂജകളോടെ ആയിരുന്നു കെജി മാരാർജി ഭവന്റെ ഗൃഹപ്രവേശന ചടങ്ങുകൾക്ക് തുടക്കമായത്. ആലുവ തന്ത്രവിദ്യാപീഠം ഡയറക്ടര്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാടിന്റെ കാര്‍മികത്വത്തിൽ ആണ് പൂജാ ചടങ്ങുകൾ നടന്നത്. ഗണപതിഹോമവും വിഷ്ണു , ശിവ, ഭഗവതി, ഐശ്വര്യ ലക്ഷ്മി നീ ദേവതകൾക്കൊപ്പം ഭാരത മാതാവിനും പ്രത്യേക പൂജകൾ അർപ്പിച്ചു. തുടർന്ന് രാവിലെ 11 മണിയോടെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ അധ്യക്ഷതയിൽ സമൂഹത്തിലെ വിവിധ വിഭാഗങ്ങളിൽ നിന്നുള്ള ഏഴു വനിതകൾ ചേർന്ന് പാലുകാച്ചൽ ചടങ്ങ് നടത്തി. ഇടുക്കി ഇടമലക്കുടിയിലെ ആദിവാസി ഗോത്രവർഗ്ഗ വിഭാഗത്തിലെ ശ്രീമതി ചിന്താമണി അടക്കമുള്ളവരാണ് പാലുകാച്ചലിന് നേതൃത്വം നൽകിയത്.
കേരളീയ വാസ്തുവിദ്യയിൽ നിർമ്മിക്കപ്പെട്ടിട്ടുള്ള പുതിയ സംസ്ഥാന കാര്യാലയത്തിൽ എല്ലാവിധ അത്യാധുനിക സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. മുന്നൂറിൽ അധികം പേരെ ഉൾക്കൊള്ളാൻ കഴിയുന്ന ഓഡിറ്റോറിയം, മീറ്റിംഗ് സെന്റർ, ഡിജിറ്റൽ ലൈബ്രറികൾ, മീഡിയ റൂമുകൾ എന്നിവയും സംസ്ഥാന കാര്യാലയത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ബിജെപിയുടെ വിവിധ സെല്ലുകൾക്കും, യുവമോർച്ച, മഹിളാമോർച്ച, കർഷകമോർച്ച എന്നിവയ്ക്കുള്ള ഓഫീസുകളും ഈ പുതിയ കെട്ടിടത്തിൽ സജ്ജീകരിച്ചിട്ടുണ്ട്.
മനോഹരമായ വാസ്തുവിദ്യയാണ് കെജി മാരാർജി ഭവനെ ആകർഷണീയമാക്കുന്നത്. അകത്തളത്തിൽ ഒരുക്കിയിട്ടുള്ള ജലസംഭരണിയും താമരക്കുളവും ഏറെ മനോഹരമാണ്. താമരക്കുളത്തിൽ കെജി മാരാർജിയുടെ ഒരു അർദ്ധകായ പ്രതിമയും സ്ഥാപിച്ചിട്ടുണ്ട്. കേന്ദ്ര വിദേശ- പാർലമെന്ററി കാര്യ മന്ത്രി വി മുരളീധരൻ, ബിജെപി അഖിലേന്ത്യാ ഉപാധ്യക്ഷൻ എ പി അബ്ദുള്ളക്കുട്ടി, മുൻ സംസ്ഥാന അദ്ധ്യക്ഷൻമാരായ ഒ രാജഗോപാൽ, സികെ പത്മനാഭൻ, പി കെ കൃഷ്ണദാസ്, കുമ്മനം രാജശേഖരൻ, ആർഎസ്എസ് പ്രാന്ത പ്രചാരക് എസ് സുദർശൻ , പ്രാന്തകാര്യവാഹ് പി എൻ ഈശ്വരൻ തുടങ്ങി രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തെ നിരവധി പേർ പങ്കെടുത്തു.
Discussion about this post