തിരുവല്ല; ബാങ്ക് ലേലത്തിൽ വെച്ച വസ്തു, വിലയ്ക്ക് വാങ്ങി ഒരു വർഷമായിട്ടും കൈമാറ്റം ചെയ്ത് നൽകുന്നില്ലെന്ന് പരാതി. തിരുവല്ല ഈസ്റ്റ് കോപ്പറേറ്റീവ് ബാങ്കിനെതിരെയാണ് പരാതി. പതിനൊന്നര ലക്ഷം രൂപ മുടക്കി വാങ്ങിയ വസ്തു കൈമാറ്റം ചെയ്യാത്തതിനാൽ കടക്കെണിയിലാണെന്ന് ലേലം പിടിച്ച രാധാമണി പറയുന്നു.
കഴിഞ്ഞ വർഷം ഏപ്രിലിലാണ് തിരുവല്ല ഈസ്റ്റ് കോപ്പറേറ്റീവ് ബാങ്ക് ലേലത്തിൽ പിടിച്ച 8 സെൻറ് പുരയിടവും വീടും രാധാമണി വിലയ്ക്ക് വാങ്ങുന്നത്. കടം വാങ്ങിയും അല്ലാതെയും സ്വരൂപിച്ച പതിനൊന്നര ലക്ഷം രൂപ ബാങ്കിൽ അടച്ചു. എന്നാൽ ഈ വസ്തുവിൽ നിന്നും കുടിശ്ശികക്കാരനെ ഒരു വർഷമായിട്ടും ബാങ്ക് ഒഴിപ്പിച്ചില്ല- ‘അവരെ താമസം ഒഴിപ്പിച്ച് മൂന്ന് മാസത്തിനുള്ളിൽ എഴുതിത്തരാം എന്ന് പറഞ്ഞാണ് എന്നെ ലേലത്തിന് വിളിച്ചത്. ഇന്നുവരെ എനിക്ക് ആ പറമ്പിൽ കാല് കുത്താൻ പോലും കഴിഞ്ഞിട്ടില്ലെന്ന് രാധാമണി പറഞ്ഞു.
അതേസമയം പ്രായമായ ദമ്പതികളെ ഒഴിപ്പിക്കാൻ പൊലീസിന്റെ ഉൾപ്പെടെ സഹായം കിട്ടാത്തതാണ് തടസമെന്നാണ് ബാങ്കിൻറെ വിശദീകരണം. വസ്തു കൈമാറ്റം ചെയ്ത് കിട്ടും വരെ ബാങ്കിന് മുന്നിൽ സമരം തുടരാനാണ് രാധാമണിയുടെ തീരുമാനം.
Discussion about this post