വയനാട്: ചലച്ചിത്ര സംവിധായകൻ പ്രകാശ് കോളേരി മരിച്ച നിലയിൽ. വയനാട്ടിലെ വീട്ടിനുള്ളിലാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതുവരെ മലയാളത്തിൽ പത്തോളം സിനിമകൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.
ഉച്ചയോടെയായിരുന്നു സംഭവം. രണ്ട് ദിവസമായി അദ്ദേഹവുമായി ബന്ധപ്പെടാൻ ബന്ധുക്കൾക്ക് കഴിഞ്ഞിരുന്നില്ല. ഇതേ തുടർന്ന് ബന്ധുക്കളിൽ ചിലർ വീട്ടിൽ എത്തുകയായിരുന്നു. ഉടനെ വിവരം പോലീസിനെ അറിയിച്ചു. പോലീസ് എത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ഹൃദയാഘാതം ആണെന്നാണ് സൂചന. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇതിന് ശേഷം ബന്ധുക്കൾക്ക് കൈമാറും.
1987ൽ പുറത്തിറങ്ങിയ മിഴിയിതളിൽ കണ്ണീരുമായി ആണ് ആദ്യചിത്രം. അവൻ അനന്തപത്മനാഭൻ, വരും വരാതിരിക്കില്ല, മിഴിയിതളിൽ കണ്ണീരുമായി, പാട്ടുപുസ്തകം, ദീർഘസുമംഗലി ഭവ എന്നിവയാണ് അദ്ദേഹം സംവിധാനം ചെയ്ത മറ്റ് ചിത്രങ്ങൾ. നിരവധി സിനിമകൾക്ക് അദ്ദേഹം തിരക്കഥ രചിച്ചിട്ടുണ്ട്.
Discussion about this post