ന്യൂഡൽഹി: അബുദാബിയിലെ ഹിന്ദു ക്ഷേത്രം യാഥാർത്ഥ്യമായത് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ പിന്തുണ കൊണ്ട് മാത്രമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഹ്‌ലൻ മോദി പരിപാടിയിൽ ഇന്ത്യൻ പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ 10 വർഷത്തിനിടെ ഏഴാം തവണയാണ് താൻ യുഎഇയിൽ എത്തുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2015 ൽ യുഎഇയിൽ നടത്തിയ സന്ദർശനത്തിലാണ് അൽ നഹ്യാനോട് ക്ഷേത്രത്തെക്കുറിച്ച് പറയുന്നത്. ഉടനെ അദ്ദേഹം ക്ഷേത്രം നിർമ്മിക്കാമെന്ന് ഉറപ്പ് നൽകുകയായിരുന്നു. ഇന്ന് ബിഎപിഎസ് ക്ഷേത്രം ഉദ്ഘാടനത്തിന് ഒരുങ്ങിയിരിക്കുന്നു. ഇതിൽ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 10 വർഷത്തിനിടെ ഏഴ് തവണയാണ് താൻ യുഎഇ സന്ദർശിക്കുന്നത്. വിമാനത്താവളത്തിൽ നിന്നും സഹോദരൻ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ആണ് തന്നെ സ്വാഗതം ചെയ്തത്. ഇത് തനിക്ക് ഒരുപാട് പ്രത്യേകത നിറഞ്ഞത് ആയിരുന്നു. അദ്ദേഹത്തെ സ്വാഗതം ചെയ്യാൻ ഇന്ത്യയ്ക്ക് നാല് തവണ ഭാഗ്യം ലഭിച്ചു. കുറച്ച് ദിവസങ്ങൾക്ക് മുൻപ് അദ്ദേഹം ഗുജറാത്തിൽ എത്തിയിരുന്നു. ലക്ഷക്കണക്കിന് പേരാണ് അദ്ദേഹത്തിന് നന്ദി പറഞ്ഞതെന്നും മോദി കൂട്ടിച്ചേർത്തു.









