അബുദാബി/ ന്യൂഡൽഹി: അബുദാബിയിലെ ബിഎപിഎസ് ഹിന്ദു ക്ഷേത്രം ഇന്ന് വിശ്വാസികൾക്കായി തുറന്ന് നൽകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് രാവിലെ ക്ഷേത്രത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കുക. യുഎഇയിലെ ആദ്യത്തെ ഹിന്ദു ക്ഷേത്രമാണ് ഇത്.
ഉദ്ഘാടനത്തിന് ശേഷം പ്രധാനമന്ത്രി ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തും. പ്രത്യേക പൂജകളിലും പങ്കെടുക്കും. ഇതിന് ശേഷം അദ്ദേഹം ഉദ്ഘാടനത്തിന് എത്തിയ ഹിന്ദു വിശ്വാസികളെ അഭിസംബോധന ചെയ്യും. പരിപാടിയ്ക്ക് ശേഷം ക്ഷേത്രത്തിലേക്ക് വിശ്വാസികൾക്ക് പ്രവേശനം നൽകുമെന്നാണ് സൂചന.
2015 ൽ ഇന്ത്യയാണ് ഹിന്ദു വിശ്വാസികൾക്കായി ക്ഷേത്രം നിർമ്മിക്കണമെന്ന് യുഎഇയോട് ആവശ്യപ്പെട്ടത്. അധികാരത്തിലേറിയതിന് ശേഷം നടത്തിയ ആദ്യ സന്ദർശനത്തിൽ നരേന്ദ്ര മോദിയായിരുന്നു ഈ ആവശ്യം മുന്നോട്ടുവച്ചത്. ഇത് യുഎഇ അംഗീകരിക്കുകയായിരുന്നു. ക്ഷേത്രം തുറക്കുന്നത് ഹിന്ദു വിശ്വാസികൾക്കും, ഇന്ത്യ- യുഎഇ ബന്ധത്തിലും ഏറെ നിർണായകമാകും.
108 അടി ഉയരത്തിൽ 13.5 ഏക്കർ സ്ഥലത്താണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. പാർക്കിംഗ് ഏരിയ ഉൾപ്പെടെ 27 ഏക്കർ വിസ്തൃതിയിലാണ് ക്ഷേത്രവും ഇതിനോട് അനുബന്ധിച്ചുള്ള ഭാഗങ്ങളും പരന്ന് കിടക്കുന്നത്. ഇതിനായുള്ള 13 ഏക്കർ ഭൂമി പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സമ്മാനമായി നൽകിയതാണ്.
Discussion about this post