തിരുവനന്തപുരം: വന്യജീവികൾ വ്യാപകമായി നാട്ടിലിറങ്ങി കൃഷി നശിപ്പിക്കുന്നത് തടയാൻ വനത്തിനുള്ളിൽ നിന്നും അക്കേഷ്യ, യൂക്കാലിപ്റ്റസ് മുതലായ വിദേശ ഇനം വൃക്ഷത്തോട്ടങ്ങൾ ഘട്ടംഘട്ടമായി മുറിച്ച് മാറ്റി പകരം തദ്ദേശീയമായ കാട്ടുമാവ്, നെല്ലി, പ്ലാവ് ഉൾപ്പെടെയുള്ള ഫലവൃക്ഷങ്ങൾ നട്ടുപിടിപ്പിക്കണമെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ. ഇക്കോറെസ്‌റ്റോറേഷന്റെ ഭാഗമായാണ് ഈ നീക്കം.
കാടുകളിൽ നിന്നും വിദേശ ഇനം വൃക്ഷങ്ങൾ ഘട്ടംഘട്ടമായി നീക്കം ചെയ്ത് തുടങ്ങി. വനം വകുപ്പിന്റെ നയരേഖ പ്രകാരം അക്കേഷ്യ, യൂക്കാലിപ്റ്റസ്, തുടങ്ങിയ മരങ്ങൾ വർക്കിങ് പ്ലാനിന് വിധേയമായി ഘട്ടംഘട്ടമായി നീക്കം ചെയ്യണം. ഇവിടം സ്വാഭാവിക വനങ്ങളായി മാറ്റുന്നതിനുള്ള ഇക്കോ റെസ്റ്റോറേഷൻ പ്രവർത്തനങ്ങൾ തുടങ്ങിയെന്ന് മന്ത്രി വ്യക്തമാക്കി.
വന്യജീവികൾക്ക് വനത്തിനുള്ളിൽ തന്നെ ഭക്ഷ്യലഭ്യത ഉറപ്പു വരുത്തുന്നതിനുള്ള നടപടികൾ തുടങ്ങി. വനത്തിനുള്ളിലുള്ള പുഴയോരങ്ങളിൽ വനസംരക്ഷണ സമിതികൾ മുഖേന മുളകൾ വച്ച്പിടിപ്പിക്കുന്നതിനും, ഫലവൃക്ഷങ്ങൾ വച്ച്പിടിപ്പിക്കുന്നതിനുമുള്ള നടപടികൾ സ്വീകരിച്ചു. വനപ്രദേശങ്ങളിലെ നീരുറവകൾ വറ്റിപ്പോകുന്നത് തടയുവാനും ജലലഭ്യത ഉറപ്പുവരുത്തുന്നതിനുമായി വേനൽക്കാലങ്ങളിൽ മണൽചാക്ക്, ബ്രഷുഡ് തുടങ്ങിയവ ഉപയോഗിച്ച് താൽക്കാലിക തടയണകൾ നിർമ്മിക്കുന്നുവെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
Discussion about this post