പാലക്കാട്; മൂത്രത്തിൽ നിന്ന് വൈദ്യുതിയും ജൈവവളവും ഉത്പാദിപ്പിക്കാമെന്ന കണ്ടെത്തലുമായി പാലക്കാട് ഐഐടിയിലെ ഗവേഷക സംഘം. ഗോമൂത്രം ഉപയോഗിച്ചുള്ള ആദ്യ പരീക്ഷണം പൂർണ വിജയകരമായി. കണ്ടെത്തലുകൾ ‘സയൻസ് ഡയറക്ട്’ എന്ന ഓൺലൈൻ ജേണലിൽ പ്രസിദ്ധപ്പെടുത്തി. പേറ്റന്റിന് അപേക്ഷിച്ചിട്ടുണ്ട്. ഐ.ഐ.ടി.യിലെ സിവിൽ എൻജിനിയറിങ് വകുപ്പാണ് ഈ കണ്ടുപിടിത്തത്തിനുപിന്നിൽ. അസിസ്റ്റന്റ് പ്രൊഫസർ ഡോ. പ്രവീണ ഗംഗാധരൻ, പ്രോജക്ട് സയന്റിസ്റ്റ് ഡോ. പി.എം. ശ്രീജിത്ത്, ഗവേഷകവിദ്യാർഥി വി. സംഗീത, റിസർച്ച് അസോസിയേറ്റ്-1 റിനു അന്ന കോശി എന്നിവരാണ് ഗവേഷണസംഘത്തിലുള്ളത്.
കേന്ദ്രസർക്കാർ ഫണ്ട് ഉപയോഗിച്ച് രണ്ടുവർഷം മുമ്പാണ് സംഘം പരീക്ഷണം ആരംഭിച്ചത്. 20,000 രൂപവരെയാണ് ഈ പരീക്ഷണത്തിനുള്ള വസ്തുക്കൾക്കായി ചെലവിട്ടത്. വാണിജ്യാടിസ്ഥാനത്തിൽ തയ്യാറാക്കുമ്പോഴുണ്ടാകുന്ന ചെലവ് കണക്കാക്കിയിട്ടില്ല.
ഒരു ചേംബറിൽ ശേഖരിച്ച ഗോമൂത്രം ആദ്യം ഗ്ലാസുകൊണ്ടുനിർമിച്ച ചെറുസെല്ലുകളിലേക്ക് (ഇലക്ട്രോ കെമിക്കൽ റിസോഴ്‌സ് റിക്കവറി റിയാക്ടർ-ഇ.പി.ആർ.ആർ.) മാറ്റുന്നു. പരസ്പരബന്ധിതമായ ഈ സെല്ലുകൾക്കുള്ളിൽ ആനോഡായി മഗ്നീഷ്യം ഇലക്ട്രോഡും കാഥോഡായി എയർ കാഥോഡും ഉപയോഗിച്ചിരിക്കുന്നു. ഇത്തരത്തിൽ 50 സെല്ലുകളാണ് ഉപയോഗിച്ചത്. ഒരു സെല്ലിൽ 100 മില്ലിലിറ്റർ ഗോമൂത്രമാണ് ശേഖരിക്കുന്നത്. മൂത്രവും ഇലക്ട്രോഡുകളുമായുള്ള രാസപ്രവർത്തനത്തിലൂടെയാണ് വൈദ്യുതിയുണ്ടാവുന്നത്.
ഗോമൂത്രത്തിൽ നിന്നുള്ള വൈദ്യുതി ഉത്പാദനം വിജയകരമായതോടെ മനുഷ്യമൂത്രം ഉപയോഗിച്ചുള്ള പരീക്ഷണത്തിന് തയ്യാറെടുക്കുകയാണ് പാലക്കാട് ഐഐടിയിലെ ഗവേഷകസംഘം.
Discussion about this post