വയനാട് : കാട്ടാന ആക്രമണത്തിൽ പരിക്കേറ്റയാൾ മരിച്ചു. വെള്ളച്ചാലിൽ പോളി (50) ആണ് കൊല്ലപ്പെട്ടത്. വയനാട് പുൽപ്പള്ളിക്ക് സമീപം പാക്കത്ത് വച്ചാണ് ദാരുണമായ സംഭവം നടന്നത്. ആന്തരികാവയവങ്ങൾക്കേറ്റ പരിക്കാണ് പോളിന്റെ മരണകാരണമെന്നാണ് പ്രാഥമിക റിപ്പോർട്ട്.
കുറുവാ ദ്വീപ് വനസംരക്ഷണ സമിതി ജീവനക്കാരനായ പോൾ രാവിലെ ജോലിക്കായി പോവുകയായിരുന്നു. അപ്രതീക്ഷമായി ആനക്കൂട്ടത്തിന് മുന്നിൽപ്പെടുകയായിരുന്നു. ഭയന്നോടിയെങ്കിലും യുവാവ് പെട്ടെന്ന് മറഞ്ഞ് വീഴുകയായിരുന്നു. പിന്നാലെ വന്ന കാട്ടാന പോളിനെ ചവിട്ടുകയായിരുന്നു. കാട്ടാനയുടെ ആക്രമണത്തിൽ പോളിന് ഗുരുതരമായാണ് പരിക്കേറ്റത്. സമീപത്തുണ്ടായിരുന്ന തൊഴിലുറപ്പ് തൊഴിലാളികൾ ഒച്ചവെച്ചതോടെ ആന പിന്മാറുകയായിരുന്നു. തുടർന്ന് സംഭവ സ്ഥലത്തെത്തിയ സഹപ്രവർത്തകരാണ് പോളിനെ അതീവ ഗുരുതരവസ്ഥയിൽ മാനന്തവാടി മെഡിക്കൽ കോളേജിൽ് എത്തിച്ചത്. പിന്നീട് വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോവുന്നതിനിടെ പോൾ മരണപ്പെടുകയായിരുന്നു.
മൂന്നാഴ്ചക്കിടെ മൂന്നാമത്തെ ആളാണ് വയനാട്ടിൽ മരണപ്പെടുന്നത്. ഫെബ്രുവരി പത്തിന് മാനന്തവാടി പടമല സ്വദേശി അജീഷ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. അജീഷിനെ ആക്രമിച്ച ബേലൂർ മഖ്‌നയെ ഇതുവരെയും പിടികൂടാനായിട്ടില്ല. ഇതിനിടെയാണ് വീണ്ടും കാട്ടാന ആക്രമണത്തിൽ മറ്റൊരാൾ കൂടി കൊല്ലപ്പെട്ട അതിദാരുണ സംഭവം ഉണ്ടായത്. ജനുവരി 30ന് തോൽപ്പെട്ടി സ്വദേശി ലക്ഷ്മണൻ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു .
Discussion about this post