കണ്ണൂർ; കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ കമ്യൂണിസ്റ്റ് ഭീകരനെ ജനവാസമേഖലയിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞ് അഞ്ചംഗ സംഘം. ചിക്കമംഗളൂർ അങ്ങാടി സ്വദേശി സുരേഷിനാണ് പരിക്കേറ്റത്. ചികിത്സയ്ക്കായി കാഞ്ഞിരക്കൊല്ലി ചിറ്റാരി കോളനിയിലെത്തിച്ച ഇയാളെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി. കർണാടക വനമേഖലയിൽ വച്ച് മൂന്ന് ദിവസങ്ങൾക്ക് മുൻപാണ് കാട്ടാന ആക്രമിച്ചത്.
സായുധരായ അഞ്ച് കമ്യൂണിസ്റ്റ് ഭീകരർ വെള്ളിയാഴ്ച വൈകിട്ട് ആറോടെയാണ് ചിറ്റാരി കോളനിയിലെത്തിയത്. ഇടതുകാലിനും നെഞ്ചിനും പരിക്കേറ്റ സുരേഷിനെ കോളനിയിലെ ചപ്പിലി കൃഷ്ണന്റെ വീട്ടിലെത്തിക്കുകയായിരുന്നു. മരക്കമ്പുകളിൽ കമ്പിളി കെട്ടി അതിലിരുത്തി എടുത്തുകൊണ്ടാണ് വന്നത്. മൂന്നുദിവസം മുൻപ് ആനയുടെ ചവിട്ടേറ്റതാണെന്നും ചികിത്സ നൽകണമെന്നും സുരേഷ് വീട്ടുകാരോടാവശ്യപ്പെട്ടു. ഇതിനുശേഷം വീട്ടുകാരിൽനിന്ന് അരിയും ഭക്ഷണസാധനങ്ങളും വാങ്ങി മറ്റുള്ളവർ മടങ്ങി.
അതേസമയം തണ്ടർബോൾട്ട് സേന ഉൾപ്പെടെ വൻ പോലീസ് സംഘത്തിന്റെ അകമ്പടിയിലാണ് സുരേഷിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്. ശക്തമായ പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.
Discussion about this post