വയനാട്: കാട്ടാനയുടെ ആക്രമണത്തെ തുടർന്ന് പുൽപ്പള്ളിയിൽ ഇന്നലെ പ്രതിഷേധത്തിനിടെയുണ്ടായ സംഘർഷത്തിൽ കേസ് എടുത്ത് പോലീസ്. സംഭവത്തിൽ കണ്ടാൽ അറിയാവുന്ന നൂറ് പേർക്കെതിരെയാണ് പോലീസ് കേസ് എടുത്തത്. പുൽപ്പളളി പോലീസിന്റേതാണ് നടപടി. സംഘർഷത്തിൽ കേസ് എടുക്കുമെന്ന് പോലീസ് നേരത്തെ അറിയിച്ചിരുന്നു.
ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസ് എടുത്തത്. ഇന്നലെ പ്രതിഷേധത്തിനിടെ രോഷാകുരായ ജനങ്ങൾ വനംവകുപ്പിന്റെ വാഹനം ആക്രമിക്കുകയും ജീവനക്കാരെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കേസ് എടുക്കാൻ തീരുമാനിച്ചത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 283,143,147,149 വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത് എന്നാണ് വിവരം.
വനം വകുപ്പിൻറെ വാഹനം ആക്രമിച്ചു, ഉദ്യോഗസ്ഥരെ ആക്രമിച്ചു, മൃതദേഹം തടഞ്ഞു, പോലീസ് ഉദ്യോഗസ്ഥരെ കല്ലെറിഞ്ഞു തുടങ്ങിയ കുറ്റങ്ങൾ പ്രതിഷേധക്കാർക്കെതിരെ ചുമത്തിയിട്ടുണ്ട്. കൃത്യമായി പ്രതികളെ കണ്ടെത്തിയാകും അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കുക. ഇതിനായി സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പോലീസ് ശേഖരിച്ചുവരികയാണ്. സംഘർഷത്തിന് നേതൃത്വം നൽകിയവരെ കണ്ടെത്താനാണ് ആദ്യ ശ്രമം.
കഴിഞ്ഞ ദിവസം കാട്ടാനയുടെ ആക്രമണത്തിൽ കുറുവാ ദ്വീപ് ജീവനക്കാരൻ ആയ പോൾ കൊല്ലപ്പെട്ടിരുന്നു. ഇതോടെയാണ് പുൽപ്പള്ളിയിൽ ശക്തമായ പൊതുജന പ്രക്ഷോഭം ഉയർന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കൊല്ലപ്പെടുന്ന രണ്ടാമത്തെ ആളാണ് പോൾ.
Discussion about this post