ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കേ അടിത്തറയിളകുമോയെന്ന ആശങ്കയിൽ കോൺഗ്രസ്. മുതിർന്ന നേതാവ് മനീഷ് തിവാരി കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേരുമെന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട് മനീഷ് തിവാരിയും ബിജെപി നേതാക്കളുമായി ചർച്ച നടന്നതായാണ് വാർത്തകൾ. പഞ്ചാബിലെ ആനന്ദ്പൂർ സാഹിബിൽ നിന്നുള്ള എംഎൽഎയാണ് മനീഷ് തിവാരി.
വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി മനീഷ് തിവാരി മത്സരിക്കുമെന്നാണ് റിപ്പോർട്ടുകൾ. ചർച്ചകൾക്ക് ശേഷം അടുത്ത ദിവസങ്ങളിൽ അദ്ദേഹം ബിജെപിയിൽ ഔദ്യോഗികമായി അംഗത്വം സ്വീകരിച്ചേക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ലുധിയാന സീറ്റാണ് അദ്ദേഹത്തിന് നൽകാൻ ധാരണയായിട്ടുള്ളത്.
ഇതിനിടെ കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ നവജ്യോത് സിംഗ് സിദ്ധുവും ബിജെപിയിൽ ചേരുമെന്നാണ് മാദ്ധ്യമ വാർത്തകൾ. അദ്ദേഹത്തോടൊപ്പം മൂന്ന് എംഎൽഎമാരും കോൺഗ്രസ് വിടും. അടുത്ത ആഴ്ചയോടെ നവജ്യോത് സിംഗ് സിദ്ധുവിന്റെയും എംഎൽഎമാരുടെയും ബിജെപി പ്രവേശനം ഉണ്ടാകും.
അതേസമയം കഴിഞ്ഞ ഏതാനും നാളുകളായി മുതിർന്ന നേതാക്കളുടെ കൊഴിഞ്ഞു പോക്കിനാണ് കോൺഗ്രസ് സാക്ഷ്യം വഹിക്കുന്നത്. അശോക് ചവാൻ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ കഴിഞ്ഞ ദിവസങ്ങളിൽ കോൺഗ്രസ് വിട്ടിരുന്നു. മദ്ധ്യപ്രദേശിൽ കമൽ നാഥും മകനും ബിജെപിയിൽ ചേരുമെന്ന വാർത്തകളും പുറത്തുവരുന്നുണ്ട്. ഇതിനിടെയാണ് മനീഷ് തിവാരിയും പാർട്ടിവിടുമെന്ന സൂചന.
Discussion about this post