കോഴിക്കോട്: കേരളത്തെ ഉന്നതവിദ്യാഭ്യാസ ഹബ്ബാക്കി മാറ്റുകയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോഴിക്കോട് വിദ്യാർഥികളുമായുള്ള നടത്തിയ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നല്ല പ്രതിഭയുള്ളവർ വിദേശരാജ്യങ്ങളിലേക്ക് ചേക്കേറുന്ന പ്രവണത തുടരുന്നുണ്ട്. വിദേശത്തേയ്ക്ക് പോയവരെ തത്കാലത്തേയ്ക്ക് തിരിച്ചുകൊണ്ടുവരുന്നതിന് പ്രത്യേക പദ്ധതിയും ഉന്നത വിദ്യാഭ്യാസ കൗൺസിൽ വഴി നടപ്പാക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളം കൂടുതൽ ശ്രദ്ധ കൊടുക്കേണ്ടത് ഉന്നത വിദ്യാഭ്യാസ മേഖലയിലാണ്. പൊതുവിദ്യാഭ്യാസരംഗത്ത് ഉണ്ടായ നേട്ടം ഉന്നത വിദ്യാഭ്യാസ മേഖലയിലും നേടാൻ വിദ്യാർത്ഥികൾക്ക് കഴിയണം. രാജ്യത്തെ 200 മികച്ച കോളജുകളിൽ 41 എണ്ണം കേരളത്തിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഭാവിയെ മുൻനിർത്തിയാണ് ഡിജിറ്റൽ യൂണിവേഴ്‌സിറ്റി, ഡിജിറ്റൽ സയൻസ് പാർക്ക് തുടങ്ങിയവയ്ക്ക് സംസ്ഥാന സർക്കാർ തുടക്കമിട്ടത്. യുവാക്കൾ അറിവിന്റെ രാഷ്ട്രീയം മനസ്സിലാക്കണം. പുതിയ കാലത്ത് തൊഴിൽ നേടിയാൽ പോര തൊഴിൽ ദാതാക്കളാകണം. കേരളത്തിന് ഗവേഷണ രംഗത്ത് വേണ്ടത്ര മികവ് പുലർത്താനാകുന്നില്ല. അതെന്തുകൊണ്ടാണെന്ന് ചിന്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post