റായ്പൂർ: ജൈന സന്യാസി ആചാര്യ വിദ്യാസാഗർ മഹാരാജ് സമാധിയായി. 77 വയസ്സായിരുന്നു. സലേഖന എന്ന മരണംവരെയുള്ള ഉപവാസം അനുഷ്ഠിച്ചുവരികയായിരുന്നു അദ്ദേഹം.
പുലർച്ചെ രണ്ടരയോടെയായിരുന്നു അദ്ദേഹത്തിന്റെ വിയോഗം. അടുത്തിടെ അദ്ദേഹത്തിന് വാർദ്ധക്യസഹജമായ വിഷമതകൾ അനുഭവപ്പെട്ടിരുന്നു. ഇതേ തുടർന്ന് മൂന്ന് ദിവസങ്ങൾക്ക് മുൻപ് അദ്ദേഹം ഉപവാസം ആരംഭിക്കുകയായിരുന്നു. ഇന്നലെ രാത്രിയോടെ അദ്ദേഹത്തിന്റെ ആരോഗ്യനില കൂടുതൽ വഷളായി. ഇതേ തുടർന്ന് പുലർച്ചെയോടെ മരിക്കുകയായിരുന്നു.
അദ്ദേഹത്തിന്റെ ഭൗതിക ദേഹം പൊതുദർശനത്തിന് വച്ചു. വൈകീട്ടോടെയാണ് സംസ്‌കാര ചടങ്ങുകൾ. ചന്ദ്രഗിരി തീർത്ഥിൽ തന്നെയാകും അന്ത്യകർമ്മങ്ങൾ എന്ന് അധികൃതർ അറിയിച്ചു. ജൈന മതത്തിൽ പ്രധാനപ്പെട്ട അനുഷ്ഠാനമാണ് സലേഖന. ഇതനുഷ്ഠിച്ച് മരണം വരിക്കുന്നവരുടെ ആത്മാവ് ആത്മീയമായി ശുദ്ധീകരിക്കപ്പെടുമെന്നാണ് വിശ്വാസം.
ആചാര്യ വിദ്യാസാഗർ മഹാരാജിന്റെ വിയോഗത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ വിയോഗം തീരാനഷ്ടമാണെന്നായിരുന്നു പ്രധാനമന്ത്രി എക്‌സിൽ കുറിച്ചത്. കഴിഞ്ഞ വർഷം നവംബറിൽ പ്രധാനമന്ത്രി ആശ്രമത്തിൽ എത്തി ആചാര്യ വിദ്യാസാഗർ മഹാരാജിനെ കണ്ട് അനുഗ്രഹം വാങ്ങിയിരുന്നു.
Discussion about this post