ഏഷ്യയിലെ തന്നെ ഏറ്റവും വൃത്തിയുള്ള ഗ്രാമമായി വർഷങ്ങളായി തിരഞ്ഞെടുക്കപ്പെടുന്നത് ഒരു ഇന്ത്യൻ ഗ്രാമമാണെന്ന് അറിയാമോ? വടക്കു കിഴക്കൻ ഇന്ത്യയിലെ മേഘാലയയിൽ സ്ഥിതിചെയ്യുന്ന മൗലിനോങ് എന്ന ഗ്രാമമാണ് ഏഷ്യയിലെ തന്നെ ഏറ്റവും വൃത്തിയുള്ള ഗ്രാമം. ‘ദൈവത്തിന്റെ പൂന്തോട്ടം’ എന്നാണ് ഈ ഗ്രാമം വിശേഷിപ്പിക്കപ്പെടുന്നത്. അതിശയിപ്പിക്കുന്ന വൃത്തിയും ഭംഗിയും ഒന്നുകൊണ്ടുതന്നെ ലോകമെമ്പാടുനിന്നുമുള്ള നിരവധി സഞ്ചാരികളാണ് മൗലിനോങ് കാണാനായി എത്താറുള്ളത്.
മേഘാലയ സംസ്ഥാനത്തിലെ ഈസ്റ്റ് ഖാസി ഹിൽസ് ജില്ലയിലാണ് മൗലിനോങ് സ്ഥിതിചെയ്യുന്നത് . തലസ്ഥാനമായ ഷില്ലോങ്ങിൽ നിന്ന് 90 കിലോമീറ്റർ അകലെയായി ഇന്ത്യ- ബംഗ്ലാദേശ് അതിർത്തിയോട് ചേർന്നാണ് ഈ ഗ്രാമത്തിന്റെ സ്ഥാനം. വൃത്തിയും ശുചിത്വവും കൊണ്ട് ശ്രദ്ധേയമായ ഈ ഗ്രാമത്തിൽ ആയിരത്തിൽ താഴെ ജനങ്ങൾ മാത്രമാണ് വസിക്കുന്നത്. ഇവിടുത്തെ ഈ ഗ്രാമവാസികളുടെ ശ്രദ്ധയും പരിചരണവും കൊണ്ട് തന്നെയാണ് ഈ ഗ്രാമം ഏഷ്യയിലെ തന്നെ ഏറ്റവും വൃത്തിയുള്ള ഗ്രാമമായി മറ്റെല്ലാ ഇന്ത്യൻ ഗ്രാമങ്ങൾക്കും മാതൃകയാവുന്നത്.
മേഘാലയയുടെ കിഴക്കൻ ഭാഗങ്ങളിൽ ധാരാളമായി കാണപ്പെടുന്ന ഒരു വംശീയ വിഭാഗമായ ഖാസികൾ ആണ് മൗലിനോങ് ഗ്രാമത്തിൽ വസിക്കുന്നത്. വൃത്തിയും ശുചിത്വവും കൂടാതെ 100 ശതമാനം സാക്ഷരതാ നിരക്ക് , സ്ത്രീ ശാക്തീകരണം എന്നിവ കൊണ്ടു കൂടി ശ്രദ്ധേയമാണ് മൗലിനോങ് ഗ്രാമം. ഈ ഗ്രാമം സന്ദർശിക്കുന്ന ഏതൊരു സഞ്ചാരികളെയും അതിശയിപ്പിക്കുക വൃത്തിയോടെ മനോഹരമായി സൂക്ഷിച്ചിരിക്കുന്ന വഴികൾ ആയിരിക്കും. പൂർണ്ണമായും പ്ലാസ്റ്റിക് നിരോധിതമായ പ്രദേശമാണ് മൗലിനോങ്. യാതൊരു ചപ്പുചവറുകളും ഇവിടത്തെ വഴിയോരങ്ങളിൽ കാണാൻ സാധിക്കുകയില്ല. വഴിനീളെ മുളകൊണ്ടുള്ള കുട്ടകൾ ഈ ഗ്രാമങ്ങളിലെ ഓരോ വഴിയിലും കാണാനാകുന്നതാണ്. മരങ്ങളിൽ നിന്നും പൊഴിഞ്ഞുവീഴുന്ന ഇലകൾ പോലും കൃത്യമായി പെറുക്കിയെടുത്ത് ഈ മുളങ്കൊട്ടയിൽ ഇടുന്ന നാട്ടുകാരെയാണ് ഇവിടെ കാണാൻ കഴിയുക. ഇവിടെ സന്ദർശിക്കുന്ന സഞ്ചാരികളും ഈ ചിട്ടകൾ കൃത്യമായി പാലിക്കേണ്ടതാണ്.
ഈ ഗ്രാമത്തിലെ എല്ലാ വീടുകൾക്കു മുൻപിലും വഴിയോരങ്ങളിലായി പുൽത്തകിടികളും പൂച്ചെടികളും നട്ടുപിടിപ്പിച്ച് മനോഹരമാക്കിയിരിക്കുന്നത് അതിശയകരമായ കാഴ്ചയാണ്. ഗ്രാമവാസികൾ ദിവസവും കൃത്യമായി വഴിയോരങ്ങൾ പോലും അടിച്ചു വൃത്തിയാക്കി സൂക്ഷിക്കുന്നതാണ് ഇവിടുത്തെ രീതി. എല്ലാ ചപ്പുചവറുകളും കരിയിലകളും പിന്നീട് ഇവർ വളമാക്കി മാറ്റുന്നതാണ്. ജൈവകൃഷി പ്രോത്സാഹിപ്പിക്കപ്പെടുന്ന ഗ്രാമത്തിൽ പുകവലിയും നിരോധിക്കപ്പെട്ടിട്ടുണ്ട്. ഗ്രാമം എപ്പോഴും വൃത്തിയായി സൂക്ഷിക്കാനായി കർശന നിയമങ്ങൾ തന്നെ ഈ ഗ്രാമത്തിൽ ഉണ്ട്. ഗ്രാമവാസികളും ഇവിടെയെത്തുന്ന സഞ്ചാരികളും ഈ നിയമങ്ങൾ കൃത്യമായി പാലിക്കേണ്ടതാണ്. അഥവാ നിയമം ലംഘിച്ചാൽ കനത്ത പിഴ തന്നെയായിരിക്കും ഈടാക്കുക. ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമം ആയി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള മൗലിനോങ് ഗ്രാമം ഡിസ്കവറി മാഗസിൻ അവാർഡ് , ഔട്ട്‌ലുക്ക് ട്രാവലർ അവാർഡ് എന്നിങ്ങനെയുള്ള വിവിധ പുരസ്കാരങ്ങളും നേടിയിട്ടുണ്ട്.
Discussion about this post