ഭുവനേശ്വർ: അയോദ്ധ്യയിലേക്കുള്ള സ്പെഷ്യൽ ആസ്ത ട്രെയിൻ ഒഡീഷയിൽ നിന്ന് ഫ്ളാഗ് ഓഫ് ചെയ്തു. 1500 ഓളം തീർത്ഥാടകരുമായാണ് ട്രെയിൻ പുറപ്പെട്ടത് . സംബാൽപൂരിലെ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ട്രെയിൻ സർവീസ് . കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാനാണ് ട്രെയിൻ ഫ്ളാഗ് ഓഫ് ചെയ്തത്.
സംബാൽപൂരിൽ നിന്ന് ആദ്യമായാണ് ഇത്രയധികം ആളുകൾ ഒരുമിച്ച് അയോദ്ധ്യയിലേക്ക് പോവുന്നത് എന്ന് ഉദ്ഘാടനത്തിന് ശേഷം കേന്ദ്രമന്ത്രി പറഞ്ഞു. ഇവിടെ നിന്ന് ഭക്തർ രാമനെ ദർശിക്കാൻ യാത്ര തുടങ്ങി. അയോദ്ധ്യ സന്ദർശിക്കാനും രാംലല്ലയെ ഒരു നോക്ക് കാണാനും വളരെ ആവേശത്തിലാണ് ഭക്തർ. അവരിലൂടെ ഞാനും രാം ലല്ലയെ ദർശിക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒഡീഷയിൽ നിന്നുള്ള ഭക്തർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും അടങ്ങുന്ന 20 സ്ലീപ്പർ ക്ലാസ് കോച്ചുകളുള്ള ട്രെയിൻ സമ്മാനിച്ചതിന് റെയിൽവേയോട് നന്ദി അറിയിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അയോദ്ധ്യയിലേക്ക് ഭക്തരെ സുഖകരമായി എത്തിക്കുന്നതിനായി ഇന്ത്യൻ റെയിൽവേ ഏർപ്പെടുത്തിയതാണ് ആസ്ത സ്പെഷ്യൽ ട്രെയിനുകൾ. നിലവിൽ 200 ൽ അധികം ആസ്ത സ്പെഷ്യൽ ട്രെയിനുകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സർവീസ് നടത്തുന്നുണ്ട്.
Discussion about this post