എറാണാകുളം: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരായ മാസപ്പടി വിവാദ കേസിൽ എസ്എഫ്‌ഐഒയ്ക്ക് കൂടുതൽ തെളിവുകൾ കൈമാറി ബിജെപി നേതാവ് ഷോൺ ജോർജ്. പ്രതിസ്ഥാനത്തുള്ള സിഎംആർഎൽ-എക്‌സാലോജിക്- കെഎസ്‌ഐഡിസി എന്നിവയുമായി ബന്ധപ്പെട്ട രേഖകളാണ് അന്വേഷണ സംഘത്തിന് കൈമാറിയത്. ഇവ മൂന്നും തമ്മിൽ നടത്തിയ ദുരൂഹ ഇടപാടുകൾ സംബന്ധിച്ച നിർണായക വിവരങ്ങളും ഇവയിൽ ഉൾപ്പെടുന്നു.
തോട്ടപ്പള്ളി സ്പിൽവേയിൽ നിന്നും ഖനനം നടത്തുന്നതിന് സർക്കാർ ഇറക്കിയ ഉത്തരവും അതിൽ കെഎസ്‌ഐഡിസി കാണിച്ച താൽപര്യങ്ങൾ സംബന്ധിച്ച വിവരങ്ങൾ ഷോൺ ജോർജ് കൈമാറിയിട്ടുണ്ട്. കെഎസ്ഡിസിയിൽ നിന്നും വിരമിച്ച മൂന്ന് ഉദ്യോഗസ്ഥർ സിഎംആർഎല്ലിലെ ഉദ്യോഗസ്ഥരായിരുന്നു. ഇതുമായി ബന്ധപ്പെട്ട രേഖകളും അദ്ദേഹം നൽകിയിട്ടുണ്ട്.
വാർത്താ സമ്മേളനത്തിലായിരുന്നു ഷോൺ ജോർജ് രേഖകൾ കൈമാറിയ വിവരം വ്യക്തമാക്കിയത്. താട്ടപ്പള്ളിയിൽ മണൽ ഖനനത്തിന് അനുമതി നൽകിയത് തുച്ഛമായ വിലയ്ക്കാണെന്ന് അദ്ദേഹം പറഞ്ഞു. 30,000 രൂപ വില ഈടാക്കേണ്ടിടത്ത് 464 രൂപയ്ക്കാണ് ഖനനത്തിന് അനുമതി നൽകിയത്. കെഎംഎംഎല്ലിന് കുറഞ്ഞ വിലയ്ക്ക് മണൽ നൽകാൻ കെഎസ്‌ഐഡിസി ഇടപെട്ടു. കെഎസ്‌ഐഡിസിയിൽ നിന്നും വിരമിച്ചവർ സിഎംആർഎൽ ഡയറക്ടറായി. ധാതുമണൽ സമ്പത്ത് കൊള്ളയടിക്കാൻ കെഎസ്‌ഐഡിസി കൂട്ടുനിന്നുവെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് വിശദീകരിച്ചു.
കരിമണൽ കൊള്ളയ്ക്ക് ഇടനിലക്കാരായി പ്രവർത്തിച്ചത് കെഎസ്‌ഐഡിസിയാണ്. കാര്യങ്ങൾ നിയന്ത്രിച്ചത് എക്‌സാലോജിക്കും. ഇതിന് പ്രത്യുപകാരമായിട്ടാണ് സിഎംആർഎൽ പണം നൽകിയത്. മാസപ്പടിയ്ക്ക് അപ്പുറം കോടികളുടെ കൊള്ളയാണ് നടന്നത്.
എക്‌സാലോജികിനെതിരെ അന്വേഷണം തുടരാൻ കർണാടക ഹൈക്കോടതി അനുമതി നൽകിയ സാഹചര്യത്തിൽ കുറ്റം ഏറെക്കുറെ തെളിഞ്ഞു. കോടതി വിധിയുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും ഷോൺ ജോർജ് ആവശ്യപ്പെട്ടു.
Discussion about this post