ന്യൂയോർക്ക് ;കമ്പ്യൂട്ടറുകളെ മനുഷ്യമസ്തിഷ്കവുമായി ബന്ധിപ്പിക്കാൻ ലക്ഷ്യമിട്ട് നടന്ന ന്യൂറാലിങ്ക് പരീക്ഷണത്തിൽ ശ്രദ്ധേയ മുന്നേറ്റമെന്ന് റിപ്പോർട്ട്. ബ്രെയിൻ ചിപ്പ് തലച്ചോറിൽ ഘടിപ്പിച്ച ആദ്യത്തെയാൾ പൂർണമായി സുഖം പ്രാപിച്ചുവെന്നും അയാൾക്ക് ഇപ്പോൾ ചിന്തകളിലൂടെ കമ്പ്യൂട്ടർ മൗസിനെ നിയന്ത്രിക്കാൻ കഴിയിമെന്നും ഇലോൺ മസ്ക് അറിയിച്ചു.എക്സിലെ സ്‌പേസസിൽ നടന്ന ഒരു പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
രോഗിയിൽ നിന്ന് പരമാവധി മൗസ് ബട്ടൻ ക്ലിക്കുകൾ ലഭിക്കുന്നതിനുള്ള ശ്രമത്തിലാണ് ന്യൂറാലിങ്ക് ഇപ്പോൾ.ടെലിപ്പതി എന്നാണ് തലച്ചോറിനേയും കമ്പ്യൂട്ടറിനേയും ബന്ധിപ്പിക്കുന്ന ഈ ഉപകരണത്തിന് പേരിട്ടിരിക്കുന്നത്. കഴിഞ്ഞവർഷം മേയിലാണ് ബ്രെയിൻ ചിപ്പ് മനുഷ്യനിൽ പരീക്ഷിക്കാൻ ന്യൂറാലിങ്കിന് അനുമതി ലഭിച്ചത്. ജനുവരിയിലാണ് ന്യൂറാലിങ്ക് ആദ്യമായി ഒരു മനുഷ്യന്റെ തലച്ചോറിൽ വിജയകരമായിഘടിപ്പിച്ചതെന്ന് ന്യൂറാലിങ്ക് അറിയിച്ചു.തലച്ചോറിൽ ചിപ്പ് ഘടിപ്പിക്കാനും പരീക്ഷണത്തിന്റെ ഭാഗമാകാനും തയ്യാറുള്ള രോഗികളെയും കമ്പനി ക്ഷണിച്ചിരുന്നു.
ജനുവരിയിൽ റോബട്ടിക് ശസ്ത്രക്രിയ വഴിയാണ് തലയിൽ ചിപ് ഘടിപ്പിച്ചത്. തലമുടി നാരിനെക്കാൾ നേർത്ത 64 ഇംപ്ലാന്റുകൾ ചേർന്ന ചിപ്പാണ് ന്യൂറാലിങ്ക് സ്ഥാപിച്ചത്. തലച്ചോറിൽ നിന്നുമുള്ള സിഗ്നലുകൾ കമ്പ്യൂട്ടർ സർക്യൂട്ടുകൾ പിടിച്ചെടുക്കും. ഇതിനുള്ളിൽ സെൻസറുകളും വയർലെസ് രീതിയിൽ ചാർജ് ചെയ്യാവുന്ന ബാറ്ററികളുമുണ്ട്.
ചിന്തകളിലൂടെ കമ്പ്യൂട്ടറും സ്മാർട്‌ഫോണും നിയന്ത്രിക്കാൻ മനുഷ്യനെ പ്രാപ്തമാക്കുകയാണ് ലക്ഷ്യം.ശാരീരികപരിമിതികൾ ഉള്ളവർക്കാണ് ന്യൂറാലിങ്ക് മുൻഗണന നൽകുന്നത്. പ്രത്യേകിച്ച് തളർവാതം, അൽഷിമേഴ്സ്, പാർക്കിൻസൺ തുടങ്ങിയ നാഡീസംബന്ധമായ രോഗങ്ങളുള്ളവർക്ക്. അവരുടെ ജീവിതത്തിൽ അനായാസത കൈവരിക്കാൻ ‘ടെലിപ്പതി’ സഹായിക്കുമെന്നാണ് ന്യൂറാലിങ്ക് പറയുന്നത്.
Discussion about this post