പത്തനംതിട്ട: വനംവകുപ്പിന്റെ ഓഫീസുകളുടെ ഫ്യൂസ് ഊരി കെഎസ്ഇബി. റാന്നി ഡിഎഫ്ഒ ഓഫീസുൾപ്പെടെയുള്ള വനംവകുപ്പിന്റെ ഓഫീസുകളിലെ ഫ്യൂസ് ആണ് കെഎസ്ഇബി ജീവനക്കാർ ഊരിയത്. വൈദ്യുതി ബില്ലിൽ കുടിശ്ശിക വരുത്തിയതിനെ തുടർന്നായിരുന്നു നടപടി.
ഉച്ചയോടെയായിരുന്നു നടപടി. ഓഫീസുകൾ വൻ തുകയാണ് അടയ്ക്കാനുണ്ടായിരുന്നത്. കുടിശ്ശിക അടയ്ക്കാൻ ആവശ്യപ്പെട്ട് കെഎസ്ഇബി ഓഫീസുകൾക്ക് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഇത് തുടർച്ചയായി അവഗണിച്ചതിനെ തുടർന്നായിരുന്നു ജീവനക്കാർ നടപടി സ്വീകരിച്ചത്.
ഡിഎഫ്ഒ ഓഫീസ് മാത്രം 15,000 രൂപ നൽകാനുണ്ടെന്നാണ് വിവരം. ആറായിരം, ഏഴായിരം എന്നിങ്ങനെ മറ്റ് ഓഫീസുകളും നൽകാനുണ്ട്. അതേസമയം ഒരു മാസത്തെ കുടിശ്ശിക മാത്രമാണ് നൽകാനുള്ളത് എന്നാണ് ഓഫീസ് പറയുന്നത്. കുടിശ്ശിക അടയ്ക്കാനുള്ള നീക്കങ്ങൾ ഓഫീസുകൾ ആരംഭിച്ചു.
ഇന്നലെ എറണാകുളം കളക്ടറേറ്റിലെ ഫ്യൂസ് കെഎസ്ഇബി ഊരിയിരുന്നു. ഇതിന് പിന്നാലെയാണ് വനംവകുപ്പിന്റെ ഓഫീസിലെ ഫ്യൂസ് ഊരിയത്.
Discussion about this post