കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മുഴുവൻ സ്ഥാനാർത്ഥികളുടെയും തീരുമാനിച്ച് സിപിഎം. വടകരയിൽ കെ.കെ ശൈലജയെയും, ചാലക്കുടിയിൽ സി രവീന്ദ്രനാഥും മത്സരിക്കും. പൊന്നാനിയിൽ പൊതുസ്വതന്ത്രനെ നിർത്താനാണ് തീരുമാനം. എറണാകുളത്ത് കെ.ജെ ഷൈനും മത്സരിക്കും.
മറ്റ് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളുടെ പേരുകൾ സംബന്ധിച്ച വിവരങ്ങൾ സിപിഎം നേരത്തെ പുറത്തുവിട്ടിരുന്നു എങ്കിലും വടകര, ചാലക്കുടി, പൊന്നാനി എന്നിവിടങ്ങളിൽ തീരുമാനം ആയിരുന്നില്ല. തുടർന്ന് സിപിഎം സെക്രട്ടേറിയേറ്റിന് ശേഷം സംസ്ഥാന സമിതി യോഗം ചേരുകയായിരുന്നു. ഇതിലാണ് സ്ഥാനാർത്ഥികളെക്കുറിച്ചുള്ള അന്തിമ തീരുമാനം ആയത്.
കണ്ണൂരിൽ എംവി ജയരാജൻ, മലപ്പുറത്ത് വി. വസീഫ്, കാസർകോട് എൻ വി ബാലകൃഷ്ണൻ, കോഴിക്കോട് എളമരം കരീം, പാലക്കാട് എ. വിജയരാഘവൻ, വടകരയിൽ കെ.കെ ശൈലജ, ആലത്തൂരിൽ കെ.രാധാകൃഷ്ണൻ, ചാലക്കുടിയിൽ സി രവീന്ദ്രനാഥ്, ഇടുക്കിയിൽ ജോയ്‌സ് ജോർജ്, ആലപ്പുഴയിൽ എഎം ആരിഫ്, ആറ്റിങ്ങലിൽ വി ജോയ്, കൊല്ലത്ത് എം. മുകേഷ്, പത്തനംതിട്ടയിൽ തോമസ് ഐസക് എ്ന്നിങ്ങനെയാണ് സ്ഥാനാർത്ഥി പട്ടിക. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം ഈ മാസം 26 ന് ഉണ്ടാകും.
അരയും തലയും മുറുക്കിയാണ് ഇക്കുറി സിപിഎം ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുന്നത് എന്നാണ് സ്ഥാനാർത്ഥി പട്ടികയിൽ നിന്നും വ്യക്തമാകുന്നത്. മുഴുവൻ മണ്ഡലത്തിലും പാർട്ടിയുടെ പ്രബലരായ സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്.
Discussion about this post