തിരുവനന്തപുരം: തിരുവനന്തപുരം- കാസർകോട് വന്ദേഭാരത് എക്‌സ്പ്രസിന്റെ സർവ്വീസ് നീട്ടി. മംഗളൂരുവരെയാണ് ട്രെയിൻ സർവ്വീസ് നീട്ടിയത്. ആലപ്പുഴ വഴി പോകുന്ന 20632/ 20631വന്ദേഭാരത് സർവ്വീസുകളിലാണ് മാറ്റം.
സർവ്വീസിൽ മാറ്റംവരുത്തിക്കൊണ്ടുള്ള ഉത്തരവ് റെയിൽവേ ബോർഡ് പുറത്തിറക്കിയിട്ടുണ്ട്. മംഗളൂരുവിൽ നിന്നും 6.15 നാണ് വന്ദേഭാരത് പുറപ്പെടുക. ഈ ട്രെയിൻ വൈകീട്ട് 3.5 ന് തിരുവനന്തപുരത്ത് എത്തിച്ചേരും. ഒരു മണിക്കൂറിന് ശേഷം 4.5 ന് തിരുവനന്തപുരത്ത് നിന്നും വന്ദേഭാരത് പുറപ്പെടും. ഇത് രാത്രി 12.40ന് മംഗളൂരുവിൽ എത്തിച്ചേരും.
അതേസമയം എന്ന് മുതലാണ് മംഗളൂരുവിൽ നിന്നും സർവ്വീസ് ആരംഭിക്കുന്നത് എന്ന് വ്യക്തമല്ല. ഉടൻ തന്നെ സർവ്വീസ് ആരംഭിക്കുമെന്നാണ് ഉത്തരവിൽ പറയുന്നത്. സർവ്വീസ് നീട്ടിയെങ്കിലും കേരളത്തിലെ സ്റ്റോപ്പുകളിലോ സമയക്രമങ്ങളിലോ മാറ്റംവരുത്തിയിട്ടില്ല. യാത്രികരുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് സർവ്വീസ് നീട്ടിയത് എന്നാണ് വിവരം. മംഗളൂരുവിലേക്കുള്ള യാത്രികർക്ക് വന്ദേഭാരതിന്റെ സർവ്വീസ് നീട്ടിയത് ഏറെ ആശ്വാസകരമാണ്.
കേരളത്തിന് ലഭിച്ച രണ്ടാമത്തെ വന്ദേഭാരതാണ് ആലപ്പുഴ വഴി സർവീസ് നടത്തുന്നത്. കോട്ടയം വഴി സർവ്വീസ് നടത്തുന്ന വന്ദേഭാരത് ആണ് കേരളത്തിന് ആദ്യം ലഭിച്ചത്. ആദ്യം കണ്ണൂർവരെയായിരുന്നു സർവ്വീസ്. പിന്നീട് ഇത് കാസർകോട്ടേയ്ക്ക് വ്യാപിപ്പിക്കുകയായിരുന്നു.
Discussion about this post