കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയിൽ സിപിഎം ലോക്കൽ സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്തി. കൊയിലാണ്ടി ടൗൺ സെൻട്രൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി പി വി സത്യനാഥൻ ആണ് കൊല്ലപ്പെട്ടത്. കൊയിലാണ്ടി പെരുവട്ടൂർ ചെറിയപുറം ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് സംഭവം. സംഭവത്തിൽ പ്രതിഷേധിച്ച് കൊയിലാണ്ടിയിൽ നാളെ ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
വെട്ടേറ്റ സത്യനാഥനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.മഴുകൊണ്ട് കഴുത്തിനേറ്റ മുറിവാണ് മരണകാരണമെന്നാണ് വിവരം. ശരീരത്തിൽ മഴുകൊണ്ടുള്ള 4ല്‍ അധികം വെട്ടേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകൾ.
സംഭവത്തിൽ ഒരാൾ പോലീസിന്റെ കസ്റ്റിയിലായിട്ടുണ്ടെന്നാണ് സൂചന. പെരുവട്ടൂര്‍ പുറത്തോന അഭിലാഷിനെ ആണ് പോലീസ് കസ്റ്റഡിയില്‍ എടുത്തതെന്നാണ് സൂചന. ഇയാളും സിപിഎം അനുഭാവി ആണെന്നാണ് റിപ്പോർട്ടുകൾ. നിലവില്‍ സ്ഥലത്ത് രാഷ്ട്രീയ സംഘര്‍ഷങ്ങളൊന്നുമില്ല. വ്യക്തിവൈരാഗ്യത്തിന്റെ ഭാഗമായി വാക്ക് തര്‍ക്കം നടന്നിരുന്നു. ഇതാണ് അക്രമത്തിൽ കലാശിച്ചതെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Discussion about this post