മലപ്പുറം: എടവണ്ണപ്പാറയിൽ 17കാരിയെ പീഡിപ്പിച്ച കരാട്ടെ അദ്ധ്യാപകനെതിരെ ഗുരുതര വെളിപ്പെടുത്തലുകളുമായി പെൺകുട്ടിയുടെ മാതാവ്. സിദ്ദിഖ് അലി ആൺകുട്ടികളെ പോലും പീഡിപ്പിച്ചിരുന്നെന്നാണ് മാതാവ് വെളിപ്പെടുത്തിയിരിക്കുന്നത്. പ്രതി പഠിപ്പിച്ചിട്ടുള്ള എല്ലാ കുട്ടികളും പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് കുട്ടിയുടെ മാതാവ് വ്യക്തമാക്കി.
‘സിദ്ദിഖ് അലി കരാട്ടെ പഠിപ്പിച്ച എല്ലാ കുട്ടികളും പീഡനത്തിന് ഇരയായിട്ടുണ്ട്. ആൺകുട്ടികളെ പോലും ദുരുപയോഗം ചെയ്യാൻ മടിയില്ലാത്ത വ്യക്തിയാണ് അയാൾ. ഞാൻ നേരത്തെ അന്വേഷിച്ചപ്പോൾ അറിഞ്ഞതാണ് ഇതെല്ലാം. കരാട്ടെയുടെ ഭാഗം എന്ന് തെറ്റിദ്ധരിപ്പിച്ചാണ് അവരെ ദുരുപയോഗം ചെയ്തിരുന്നത്. അതുകൊണ്ട് തന്നെ അവരെ ദുരുപയോഗം ചെയ്‌തോ എന്ന് പോലും കുട്ടികൾക്ക് അറിയുന്നുണ്ടാകില്ല. ഈ വിദ്യാർത്ഥികളെ എല്ലാം കൗൺസിലിംഗ് ചെയ്താൽ മത്രമേ പീഡനത്തിന്റെ വ്യാപ്തി മനസിലാകൂ’- മാതാവ് വ്യക്തമാക്കി.
അദ്ധ്യാപകരും വിദ്യാർത്ഥികളും തമ്മിലുള്ള ബന്ധമായിരുന്നില്ല അവിടെയെന്നും അവർ തുറന്നടിച്ചു. നിരവധി സീനീയർ വിദ്യാർത്ഥികളും, ഇവർ മിസുമാർ എന്നു വിളിക്കുന്നവരുമെല്ലാം അവിടെയുണ്ട്. അവരെല്ലാം ഇയാളുടെ പ്രൊഡക്റ്റുകൾ ആണ്. പ്രതി എന്താണോ അയാളുടെ പതിപ്പ് തന്നെയായിരുന്നു അവരും. പ്രതിയുടെ എല്ലാ പ്രവർത്തനങ്ങൾക്കും ഒത്താശ ചെയ്തിരുന്നത് ഈ സ്ത്രീകളാണെന്നും അവർ വെളിപ്പെടുത്തി.
അതേസമയം, സിദ്ദിഖിനെതിരെ പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. പ്രതിക്കെതിരെ കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്തുവന്ന സാഹചര്യത്തിൽ കരാട്ടെ പരിശീലിച്ചിരുന്ന മറ്റ് കുട്ടികളുടെയും മൊഴിയെടുക്കും. കേസിൽ മനുഷ്യാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്.
Discussion about this post