അഹമ്മദാബാദ്: ഏറ്റവും നീളം കൂടിയ തൂക്കുപാലമായ സുദർശൻ സേതു പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിന് സമർപ്പിക്കും. ഇതിനായി രാവിലെ പ്രധാനമന്ത്രി ഗുജറാത്തിൽ എത്തും. ബെയ്ത്ത് ദ്വാരകയെയും ഒഖ നഗത്തെയും ബന്ധിപ്പിച്ച് കൊണ്ടാണ് പാലത്തിന്റെ നിർമ്മാണം.
രാവിലെ 10 മണിയോടെയാകും പ്രധാനമന്ത്രി ഗുജറാത്തിൽ എത്തുക. വിമാനത്താവളത്തിൽ അദ്ദേഹത്തെ ഗുജറാത്ത് മുഖ്യമന്ത്രിയും ഗവർണറും ചേർന്ന് സ്വീകരിക്കും. പാലത്തിന്റെ ഉദ്ഘാടനത്തിന് ശേഷം പ്രധാനമന്ത്രി ദ്വാരക ക്ഷേത്രത്തിൽ ദർശനം നടത്തും. പാലത്തിന്റെ ഉദ്ഘാടനത്തിന് ശേഷം സംസ്ഥാനത്ത് വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും അദ്ദേഹം നിർവ്വഹിക്കും.
ജാംനഗർ, ദേവഭൂമി ദ്വാരക, പോർബന്ദർ എന്നീ ജില്ലകളിലാണ് പുതിയ വികസന പദ്ധതികൾ. പുതുതായി ഇലക്ട്രിഫിക്കേഷൻ പൂർത്തിയാക്കിയ 533 കിലോമീറ്റർ റെയിൽവേ ലൈനിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവ്വഹിക്കും. രാജ്യത്ത് പുതുതായി നിർമ്മാണം പൂർത്തിയാക്കിയ അഞ്ച് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ക്യാമ്പസുകളും അദ്ദേഹം ഉദ്ഘാടനം ചെയ്യും. ഗുജറാത്തിലെ രാജ്‌കോഠ്, പഞ്ചാബിലെ ബത്തിന്ദ, ഉത്തർപ്രദേശിലെ റായ്ബറേലി, പശ്ചിമ ബംഗാളിലെ കല്യാണി, ആന്ധ്രാപ്രദേശിലെ മംഗളഗിരി എന്നിവിടങ്ങളിലാണ് പുതിയ എയിംസ് ക്യാമ്പസുകൾ.
Discussion about this post