തിരുവനന്തപുരം: കൊറോണ ലോക്ഡൗണിന് പിന്നാലെ വർദ്ധിപ്പിച്ച ട്രെയിൻ ടിക്കറ്റ് നിരക്കുകൾ കുറച്ച് ഇന്ത്യൻ റെയിൽവേ. പാസഞ്ചർ, മെമു ട്രെയിനുകളുടെ നിരക്കാണ് കുറച്ചത്. ഇനി മുതൽ മിനിമം ചാർജ് 10 രൂപയായിരിക്കും. പാസഞ്ചർ തീവണ്ടി നിരക്ക് കുറച്ച സാഹചര്യത്തിൽ ഇതിന് ആനുപാതികമായി മറ്റ് ഹ്രസ്വദൂര ടിക്കറ്റ് നിരക്കുകളും കുറയും.
കൊറോണയ്ക്ക് പിന്നാലെ 30 രൂപയായിരുന്നു മിനിമം നിരക്ക്. ഇത് 10 രൂപയായി പുന:സ്ഥാപിക്കുകയാണ് ഇന്ത്യൻ റെയിൽവേ ചെയ്തത്. യുടിഎസ് ആപ്പ് വഴി ടിക്കറ്റുകൾ ലഭിച്ചു തുടങ്ങി. അതേസമയം ടിക്കറ്റ് നിരക്ക് കുറച്ചത് ട്രെയിൻ യാത്രികർക്ക് വലിയ ആശ്വാസം നൽകുന്നതാണ്.
ലോക്ഡൗണിനെ തുടർന്ന് ട്രെയിൻ യാത്രയ്ക്ക് നിയന്ത്രണം ഉണ്ടായിരുന്നു. ഇതേ തുടർന്ന് യാത്രികരുടെ എണ്ണം കുറയുകയും വരുമാനത്തിൽ ഇടിവ് സംഭവിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ടിക്കറ്റ് നിരക്കുകൾ വർദ്ധിപ്പിച്ചത്. നിലവിൽ റെയിൽവേയുടെ പ്രവർത്തനങ്ങൾ സാധാരണ നിലയിൽ ആയിട്ടുണ്ട്. ഇതേ തുടർന്നാണ് നിരക്കുകൾ കുറച്ചത്.
കഴിഞ്ഞ ദിവസം നോർതേൺ റെയിൽവേ നിരക്കിൽ മാറ്റം വരുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് റെയിൽവേയുടെ ഉത്തരവ്. അതേസമയം ഈ ഉത്തരവ് ലഭിച്ചിട്ടില്ലെന്നാണ് ഇന്ത്യൻ റെയിൽവേ വ്യക്തമാക്കുന്നത്. ഉത്തരവ് ലഭിക്കുന്ന മുറയ്ക്ക് നിരക്കുകൾ കുറയക്കുമെന്നും റെയിൽവേ അറിയിച്ചു.
Discussion about this post