തിരുവനന്തപുരം: ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിന് ആശംസകൾ നേർന്ന് മുഖ്യമന്ത്രി പണറായി വിജയൻ. ഇന്ത്യയുടെ ബഹിരാകാശ ദൗത്യത്തിന്റെ ഓരോ ഘട്ടത്തിലും സഹായം നൽകാൻ കഴിഞ്ഞ സംസ്ഥാനം എന്ന നിലയിൽ കേരളത്തിന് അഭിമാന നിമിഷമാണ് ഇത്. മെയ്ക്ക് ഇൻ ഇന്ത്യയുടെ അവിഭാജ്യ ഘടകമായി മെയ്ഡ് ഇൻ കേരള മാറുന്നതിന്റെ ഉദാഹരണമാണ് ഇതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
‘ഇന്ത്യയുടെ ബഹിരാകാശ ദൗത്യത്തിന് തുടക്കം മുതൽ തന്നെ സഹായം നൽകാൻ കഴിഞ്ഞ സംസ്ഥാനമെന്ന നിലയിൽ കേരളത്തിന് അഭിമാനകരമായ ഒരു ദിവസമാണ് ഇന്ന്. ഇതുപോലൊരു ചടങ്ങിൽ നിൽക്കുമ്പോൾ ആറ് ദശാബ്ദങ്ങൾക്ക് മുൻപ് ഇന്ത്യൻ ബഹിരാകാശ ഗവേഷണം എന്ന ആശയവുമായി കേരളത്തെ സമീപിച്ച ഡോ. വിക്രം സാരാഭായിയെ ഓർക്കാതിരിക്കാൻ കഴിയില്ല. തുമ്പ എന്ന ഈ ചെറിയ ഗ്രാമത്തിൽ ഇതിനായി സ്ഥലം ലഭ്യമാക്കിയ ജനങ്ങളെയും അതിനായി നേതത്വം നൽകിയ ബിഷപ് പെരേരയെ പോലുള്ള സഭാ നേതാക്കളെയും സ്മരിക്കുന്നു’- മുഖ്യമന്ത്രി പറഞ്ഞു.
തങ്ങളുടെ ഉപജീവന മാർഗത്തിന് വെല്ലുവിളിയാകുമെന്ന് അറിഞ്ഞുകൊണ്ട് തന്നെ തുമ്പയിൽ നിന്നും ഒഴിഞ്ഞ് പോയ ജനങ്ങളെയും മുഖ്യമന്ത്രി ഓർത്തു. ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ രംഗത്ത് ശൈശവദശയിൽ തൊട്ടേ സംഭാവന ചെയ്തുകൊണ്ടിരിക്കുന്ന കേരളത്തിൽത്തന്നെ നമ്മുടെ ബഹിരാകാശ ഗവേഷണങ്ങളുടെ ഗതിവേഗം കൂട്ടുകയും ഗുണമേന്മ മെച്ചപ്പെടുത്തുകയും ചെയ്യുന്ന ഒരു സംവിധാനത്തിനു തുടക്കമാകുന്നു എന്നത് നാടിനാകെ അഭിമാനകരമാണെന്നും അദ്ദേഹം കുട്ടിച്ചേർത്തു.
രാജ്യത്തിന്റെ വികസനത്തിന് കേരളം നൽകുന്ന പിന്തുണയുടെ ഏറ്റവും മികച്ച ഉദാഹരണമാണ് ഇത്. മെയ്ക്ക് ഇൻ ഇന്ത്യയുടെ അവിഭാജ്യ ഘടകമായി മെയ്ഡ് ഇൻ കേരള മാറുന്നതിന്റെ ദൃഷ്ടാന്തമാണ് ഇത്. മനുഷ്യനെ വഹിക്കാൻ ശേഷിയുള്ള ഗഗൻയാൻ ദൗത്യത്തിന് വലിയ മുതൽകൂട്ടാണ് വി എസ് എസ് സിയിലെ ട്രൈസോണിക് വിൻഡ് ടണലും മഹേന്ദ്ര ഗിരിയിലെ സെമി ക്രയോജെനിക് ഇന്റഗ്രേറ്റഡ് എഞ്ചിൻ ആൻഡ് സ്റ്റേജ് ടെസ്റ്റ് ഫെസിലിറ്റിയും ശ്രീഹരിക്കോട്ടയിലെ പി എസ് എൽ വി ഇന്റഗ്രേഷൻ ഫെസിലിറ്റിയും. ഈ മൂന്ന് സംവിധാനങ്ങൾക്കും എല്ലാ ഭാവുകങ്ങളും നേരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇവ മൂന്നും യാഥാർത്ഥ്യമാക്കാൻ കഠിനാധ്വാനം ചെയ്ത ശാസ്ത്രജ്ഞരെയും ഉദ്യോഗസ്ഥരെയും തൊഴിലാളികളെയും അഭിവാദ്യം ചെയ്യുന്നു. ഇന്ത്യൻ ബഹിരാകാശാ ഗവേഷണ രംഗത്തെ കൂടുതൽ ഉയർച്ചയിലേക്ക് നയിക്കാൻ വി എസ് എസ് സിക്കും ഐ എസ് ആർ ഒയ്ക്കും കഴിയട്ടെ എന്ന് ആശംസിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post