തൃശ്ശൂർ: ബൈക്കുകൾ കൂട്ടിയിടിച്ച് നടൻ ടൊവിനോ തോമസിന്റെ ഷെഫ് മരിച്ചു. കല്ലറതെക്കേഈട്ടിത്തറ വിഷ്ണു (31) ആണ് മരിച്ചത്. ഏറ്റുമാനൂർ മണർകാട് ബൈപ്പാസിലാണ് അപകടമുണ്ടായത് . ഇന്നലെ പുലർച്ചെയാണ് സംഭവം.
പേരൂരിലെ ബന്ധുവീട് സന്ദർശിച്ച ശേഷം മടങ്ങുന്നതിനിടെയായിരുന്നു വിഷ്ണു അപകടത്തിൽപ്പെട്ടത് . എതിർദിശയിലെത്തിയ രണ്ടു ബൈക്കുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽപ്പെട്ട മറ്റൊരു ബൈക്കിൽ സഞ്ചരിച്ചിരുന്ന പേരൂർ സ്വദേശികളായ മാത്യൂസ് റോജി, ജസ്റ്റിൻ മാത്യു എന്നിവരെ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കേറ്റ വിഷ്ണുവിനെ പോലീസും നാട്ടുകാരും ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത് . എന്നാൽ ജീവൻ രക്ഷിക്കാനായില്ല.
വിഷ്ണുവിന് ആദരാഞ്ജലി അർപ്പിച്ച് നടൻ സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്. നമ്മുടെ ടീം ഇനി ഒരിക്കലും പഴയതുപോലെയാവില്ല . നിന്നെ ഭയങ്കരമായി മിസ്സ് ചെയ്യും . നീ ഇല്ലാതെ നമ്മുടെ ടീം പൂർണമാവില്ല. പ്രിയ സുഹൃത്തേ ആദരാഞ്ജലി അർപ്പിക്കുന്നു – ടോവിനോ കുറിച്ചു.
പാരലൽകോളേജ് അധ്യാപകനായിരുന്ന പരേതനായ ശിവാനന്ദന്റെയും രാജിയുടെയും മകനാണ്. ആതിരയാണ് ഭാര്യ. പ്രീജ, ജ്യോതി എന്നിവർ സഹോദരങ്ങളാണ്. സംസ്‌കാരം ചൊവ്വാഴ്ച നാലിന് വെച്ചൂരിലെ വീട്ടുവളപ്പിലാണ്.
Discussion about this post