കണ്ണൂർ: ആക്രമണ കേസ് പ്രതികളെ ഹൈക്കോടതി കുറ്റവിമുക്തരാക്കിയതിന് പിന്നാലെ പ്രതികരണവുമായി സിപിഎം നേതാവ് പി.ജയരാജൻ. തനിക്ക് നീതിലഭിച്ചില്ലെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. ഹൈക്കോടതി വിധിയെ വിമർശിച്ച അദ്ദേഹം സുപ്രീംകോടതിയെ സമീപിക്കുമെന്നും വ്യക്തമാക്കി.
കോടതി നടപടികളിൽ ആക്ഷേപമുണ്ട്. തനിക്ക് നീതി ലഭിച്ചില്ല. ഈ ബെഞ്ച് ഹർജി പരിഗണിക്കുന്നതിൽ അതൃപ്തിയുണ്ടായിരുന്നു. ഇതേ തുടർന്ന് ബെഞ്ച് മാറ്റണം എന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ അനുകൂല നടപടി ഉണ്ടായില്ല. വിധിയ്‌ക്കെതിരെ സുപ്രീംകോടതിയെ സമീപിക്കും. നിലവിലെ സമാധാന അന്തരീക്ഷത്തെ ബാധിക്കുന്ന ഒരു പ്രതികരണവും ഉണ്ടാകരുതെന്നും ജയരാജൻ ആവശ്യപ്പെട്ടു.
ഒൻപത് പ്രതികളിൽ എട്ട് പേരെയാണ് ഹൈക്കോടതി വെറുതെവിട്ടത്. ഇവർ നൽകിയ അപേക്ഷയിലാണ് അനുകൂല വിധി. അപേക്ഷ പരിഗണിച്ച കോടതി പ്രതികൾക്കെതിരെ വ്യക്തമായ തെളിവുകൾ ഇല്ലെന്ന് നിരീക്ഷിച്ച കോടതി എട്ട് പേരെയും വെറുതെ വിടുകയായിരുന്നു. കടിച്ചേരി അജി (1), ചിരുക്കണ്ടോത്ത് പ്രശാന്ത് (2), മനോജ് (3) , പാര ശശി (4),എളംതോട്ടത്തിൽ മനോജ് (5), കുനിയിൽ സനൂബ് (6) , ജയപ്രകാശൻ(7), കൊവ്വേരി പ്രമോദ്(8) , തൈക്കണ്ടി മോഹനൻ (9) എന്നിവരെ ആയിരുന്നു കേസിലെ പ്രതികൾ. ഇതിൽ രണ്ടാം പ്രതി പ്രശാന്ത് ഒഴികെയുള്ളവരെയാണ് കോടതി കുറ്റവിമുക്തരാക്കിയത്. അതേസമയം ഇയാൾക്ക് വിചാരണ കോടതി വിധിച്ച ശിക്ഷകളിൽ ചിലത് ഹൈക്കോടതി റദ്ദാക്കിയിട്ടുണ്ട്.
Discussion about this post