കൊൽക്കത്ത: കാലങ്ങളായി തങ്ങൾ നേരിടുന്ന പീഡനങ്ങൾക്കെതിരെ ഗതികെട്ട് സന്ദേശ്ഖാലിയിലെ സ്ത്രീകൾ തെരുവിലിറങ്ങി. വർഷങ്ങളായി നേരിട്ടിരുന്ന ഭീകരവാഴ്ച്ച ലോകത്തോട് അവർ വിളിച്ചു പറഞ്ഞു. ലൈംഗീകമായി ചുഷണം ചെയ്തും കിടപ്പാടം പോലും തട്ടിയെടുത്തും തടസം നിന്നവരെ വെട്ടി വീഴ്ത്തിയും സന്ദേശ്ഖാലിയിലെ ജനങ്ങളെ ദുരിത കയത്തിലേക്ക് തള്ളിവിട്ട തൃണമൂൽ കോൺഗ്രസിന്റെ തലമൂത്ത നേതാവ് ഷെയ്ഖ് ഷാജഹാൻ എന്ന നാടുവാഴിയെ നിയമക്കുരുക്കിൽ ആക്കണമെന്ന് അവർ ഓരോരുത്തരും ഈ നാളത്രയും വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു.
ഭൂമി തട്ടിപ്പ് , സ്ത്രീകൾക്കെതിരെയുള്ള ലൈംഗീകാതിക്രമങ്ങൾ, കൊലപാതകം.. ഇങ്ങനെ എണ്ണിയാൽ തീരാത്ത കുറ്റകൃത്യങ്ങൾ.. ആരാണ് ഭായ് എന്നറിയപ്പെടുന്ന ഷെയ്ഖ് ഷാജഹാൻ? ഒരു ട്രക്ക് ഡൈവറിൽ നിന്നും ക്രിമിനൽ കിങ്പിന്നിലേക്കുള്ള ഷാജഹാന്റെ യാത്ര അഴിമതിയുടെയും അടിച്ചമർത്തലിന്റെയും ലഹരിയറിഞ്ഞുകൊണ്ട് തന്നെയായിരുന്നു. തന്റെ 24-ാം വയസിൽ നോർത്ത് 24 പർഗാനാസിലെ സന്ദേശ്ഖാലിയിൽ മത്സ്യബന്ധന തൊഴിലാളിയായി ജീവിതം ആരംഭിച്ച ഷെയ്ഖ് ഷാജഹാൻ പശ്ചിമ ബംഗാളിലെ തന്നെ ഫിഷറീസ് മേഖലയിലെ കിരീടം വെക്കാത്ത രാജാവായി ഉയർന്നത് കണ്ണടച്ച് തുറക്കുന്ന വേഗത്തിലായിരുന്നു.
ചെറുപ്പത്തിൽ ട്രക്ക് ഡ്രൈവറായും ഇഷ്ടിക ചൂളയിലെ തൊഴിലാളിയായും ജോലി ചെയ്തിട്ടുണ്ട്. സിപിഎമ്മുമായി അടുത്ത ബന്ധമുള്ള അമ്മാവൻ മൊസ്ലിം ഷെയ്ഖിൽ നിന്നാണ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കണമെന്ന് ആഗ്രഹം തുടങ്ങിയത്. അങ്ങനെ 2004ൽ ഇഷ്ടിക ചൂളയിലെ യൂണിയൻ നേതാവായി രാഷ്ട്രീയ പ്രവേശം. പശ്ചിമ ബംഗാളിലെ രാഷ്ട്രീയ സാഹചര്യങ്ങൾ മാറിമാറി വന്നിട്ടും. പ്രദേശത്തെ തന്റെ സാന്നിദ്ധ്യം ഷാജഹാൻ എന്നും ഉറപ്പ് വരുത്തിയിരുന്നു. പിന്നീട് സിപിഎമ്മിന്റെ പ്രദേശിക യൂണിറ്റിൽ ചേർന്ന ഷാജഹാൻ തന്റെ കുപ്രസിദ്ധമായ സംഘടനാ വൈദഗ്ധ്യം കൊണ്ട് തൃണമൂൽ കോൺഗ്രസിന്റെ ശ്രദ്ധയും പിടിച്ചുപറ്റിയിരുന്നു. അധികം വൈകാതെ തന്നെ സിപിഎം ബന്ധം അറുത്ത് ടിഎംസി ദേശീയ ജനറൽ സെക്രട്ടറി മുകുൾ റോയിയുടെയും നോർത്ത് 24 പർഗാനാസ് ടിഎംസി ജില്ലാ പ്രസിഡന്റ് ജ്യോതിപ്രിയോ മുള്ളിക്കിന്റെയും മേൽനോട്ടത്തിൽ ടിഎംസിയിലേക്ക് ചേക്കേറി.
2013ലായിരുന്നു ഷാജഹാന്റെ തൃണമൂൽ രംഗപ്രവേശം. വളരെ വേഗം തന്നെ തൃണമൂൽ കോൺഗ്രസിൽ തന്റെ വേരുറപ്പിച്ച ഷാജഹാൻ മുള്ളിക്കിന്റെ അടുത്ത അനുയായിയായി മാറുകയും ചെയ്തു. തുടർന്നുള്ള ഷാജഹാന്റെ വളർച്ച ദ്രുതഗതിയിലായിരുന്നു. 2018ൽ സർബെരിയ അഗർഹതി ഗ്രാമപഞ്ചായത്തിന്റെ ഉപമേധാവിയെന്ന പദവിയിലുമെത്തി. പ്രദേശത്തെ സംഘർഷങ്ങളിലും വസ്തു, കുടുംബ തർക്കങ്ങളിലും ഉൾപ്പെടെ തീർപ്പ് കൽപ്പിക്കാൻ ഇറങ്ങിയിരുന്ന ഷാജഹാൻ ഭീതി വിതച്ചു. അനുയായികൾ ഭായ് എന്ന് വിളിച്ചിരുന്ന ഷാജഹാൻ ജനങ്ങൾക്കിടയിൽ ഭീകരൻ തന്നെയായിരുന്നു. പിടിച്ചുപറി, അഴിമതി, ബലാത്സഗം, കൊലപാതകം തുടങ്ങി നിരവധി കേസുകൾ ഷെയ്ഖ് ഷാജഹാനെതിരെ ഉയർന്നു വന്നിട്ടുണ്ടെങ്കിലും ഒരു കേസിൽ പോലും ശിക്ഷിക്കപ്പെട്ടിട്ടില്ല. പല കേസുകളിലും ഒളിവിൽ പോയി, അതിർത്തി കടന്നുള്ള അനധികൃത വ്യപാരങ്ങൾ നടത്തിയിരുന്ന ഷാജഹാൻ പലപ്പോഴും അറസ്റ്റിൽ നിന്നും രക്ഷപ്പെടാൻ ബംഗ്ലാദേശിലേക്ക് കടന്നു.
കുറ്റകൃത്യങ്ങളിൽ മുങ്ങിയുള്ള ജീവിതമാണെങ്കിലും മമതാ ബാനർജി നയിക്കുന്ന തൃണമൂൽ കോൺഗ്രസ് എന്നും ഷാജഹാനെ പൊന്നുപോലെ കാത്തു പോന്നു. സംസ്ഥാനത്ത് കോടികളുടെ റേഷൻ വിതരണ കേസിൽ ഷാജഹാൻ അന്വേഷണം നേരിടുന്നുണ്ട്. 1000 കോടി രൂപയുടെ അഴിമതിയാണ് അന്വേഷണ ഏജൻസികൾ കണ്ടെത്തിയത്. 60 കോടിയോളം കള്ളപ്പണവും കണക്കില്ലാത്ത ആയുധങ്ങളും ഷാജഹാന്റെ വീട്ടിൽ സൂക്ഷിച്ചതായി അന്വഷണ ഏൻസികൾ കണ്ടെത്തിയിരുന്നു. 2020 ൽ രണ്ട് ബിജെപി നേതാക്കളെ അതിക്രൂരമായി കൊലപ്പെടുത്തിയെങ്കിലും ഒരു തുമ്പും ബാക്കി വയ്ക്കാതെ അയാൾ അപ്രത്യക്ഷനായി.
ആദിവാസികളുടെ ഉൾപ്പെടെ ഭൂമി പിടിച്ചെടുത്തു. ഇതിന് തടസം നിന്നവരെ ഭീഷണിപ്പെടുത്തിയും പീഡിപ്പിച്ചും ഒഴിവാക്കി. കള്ളപ്പണക്കേസിൽ ഷാജഹാന്റെ വസതിയിൽ പരിശോധനയ്ക്കായി എത്തിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥരെ തൃണമൂൽ ഗുണ്ടകൾ ക്രൂരമായി ആക്രമിച്ചു. ഇതിന് പിന്നാലെ ഷാജഹാൻ ഒളിവിൽ പോയി. തങ്ങളെ നിരന്തരം ലൈംഗികമായി ചൂഷണം ചെയ്യുന്ന ടിഎംസി നേതാവിനെതിരെ പരാതി നൽകാൻ പോലും സന്ദേശ്ഖാലിയിലെ സ്ത്രീകൾക്ക് ഭയമായിരുന്നു. ധൈര്യപൂർവം മൂന്നോട്ട് വന്നവരുടെ പരാതികൾ സ്വീകരിക്കാൻ മമതാ പോലീസ് തയ്യാറല്ലായിരുന്നു. ഇതിൽ പലരെയും ഷാജഹാന്റെ ഗുണ്ടകൾ ഭീഷണിപ്പെടുത്തിയും അതിക്രമം കാണിച്ചും നിശബ്ദരാക്കി. ഷാജഹാനും അനുയായികളും നടത്തുന്ന ഭൂമി കൈയേറ്റങ്ങൾക്കുംെൈ ലംഗിക അതിക്രമങ്ങൾക്കുമെതിരെ ഒരു മാസത്തിലേറെയായി പ്രധിഷേധങ്ങൾ ജ്വലിക്കുകയാണ്. ഷാജഹാനും അനുയായികളും ചേർന്ന് പ്രദേശത്തെ സ്ത്രീകളെ ചൂഷണം ചെയ്യുന്നത് പതിവാണെന്ന് പ്രതിഷേധക്കാർ പറയുന്നു. മിക്കവാറും എല്ലാ രാത്രിയിലും പ്രദേശത്തെ ഏതെങ്കിലും ഒരു സ്ത്രീ പാർട്ടി ഓഷീസിലേക്ക് എത്തണമെന്നായിരുന്നു ഷാജഹാൻ ഷെയ്ഖിന്റെ ഉത്തരവ്. ആരെങ്കിലും പോകാൻ വിസമ്മതിച്ചാൽ, അവരുടെ ഭർത്താക്കൻമാരെയും കുടുംബാംഗങ്ങളെയും ക്രൂരമായി മർദ്ദിക്കുന്നത് പതിവായിരുന്നെന്ന് നിരവധി സ്ത്രീകൾ വെളിപ്പെടുത്തിയിട്ടുണ്ട്.
ഗത്യന്തരമില്ലാതെയാണ് മമതയുടെ പോലീസ് ഇപ്പോൾ ഷാജഹാനെ അറസ്റ്റ് ചെയ്തത്. ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ഷാജഹാനെ തൃണമൂൽ കോൺഗ്രസിൽ നിന്ന് സസ്ൻപെൻഡും ചെയ്തിട്ടുണ്ട്. എന്നാൽ ഇത്രനാളും ഷാജഹാനെ സംരക്ഷിച്ചതാരെന്ന ചോദ്യമാണ് ഉയരുന്നത്. എതിർ രാഷ്ട്രീയക്കാരെ കായികമായി ഉന്മൂലനം ചെയ്യുന്ന ബംഗാളിലെ സിപിഎമ്മിന്റെ അതേ പാത തന്നെയാണ് തൃണമൂലും പിന്തുടരുന്നത്. അതുകൊണ്ടുതന്നെ ഷാജഹാന്മാർക്ക് എക്കാലവും ബംഗാളിൽ സ്വാധീനമുണ്ടായിട്ടുണ്ട്. എന്നാൽ ഇക്കുറി സ്രീകളുടെ ഇടയിൽ നിന്നുയരുന്ന പ്രതിഷേധം മമത സർക്കാരിനെ പിടിച്ചു കുലുക്കുന്നുണ്ട്. വരാൻ പോകുന്ന തിരഞ്ഞെടുപ്പിൽ ഈ വിഷയം പ്രതിഫലിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം.
Discussion about this post