കൊച്ചി: ആലുവ ശിവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഭക്തർക്ക് ആലുവ ശിവക്ഷേത്രത്തിൽ എത്തിച്ചേരാൻ പ്രത്യേക ട്രെയിൻ സർവ്വീസുമായി ഇന്ത്യൻ റെയിൽവേശിവരാത്രി ദിനമായ മാർച്ച് ഏഴിന് രാത്രി ഷൊർണൂർ-തൃശ്ശൂർ എക്സ്പ്രസ് ആലുവ വരെ പ്രത്യേക സർവീസ് നടത്തും. വ്യാഴാഴ്ച രാത്രി 11.15-നാണ് ട്രെയിൻ തൃശ്ശൂരിൽ നിന്നും സർവീസ് ആരംഭിക്കുന്നത്. മാർച് എട്ടിന് പുലർച്ചെ 12.45-ന് ആലുവയിൽ എത്തുന്ന രീതിയിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. തൃശ്ശൂരിനും ആലുവയ്ക്കും ഇടയിലുള്ള എല്ലാ സ്റ്റേഷനിലും സ്റ്റോപ്പുണ്ടാകും.
മാർച്ച് ഏഴിന് വൈകീട്ട് സർവീസ് നടത്തുന്ന നിലമ്പൂർ – കോട്ടയം എക്പ്രസ്സ് (16325) നിലവിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുള്ള സ്റ്റേഷനുകൾ കൂടാതെ മുള്ളൂർക്കര, ഒല്ലൂർ, നെല്ലായി, കൊരട്ടി, എന്നീ സ്റ്റേഷനുകളിലും നിർത്തും. ശിവരാത്രി കഴിഞ്ഞ് മടങ്ങുന്ന ഭക്തർക്കായി മാർച്ച് 9ന് പുലർച്ചെ 5:15 ന് ആലുവയിൽ നിന്നും പുറപ്പെടുന്ന തൃശൂർ – കണ്ണൂർ എക്‌സ്പ്രസ്സ് (16609) 6:45 ന് തൃശൂർ എത്തി കണ്ണൂരിലേക്ക് പതിവ് സർവീസ് നടത്തും. ഈ ട്രെയിനിനും ആലുവ മുതൽ ഷൊർണ്ണൂർ വരെയുള്ള എല്ലാ സ്റ്റേഷനുകളിലും സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
ട്രെയിൽ സർവീസിന് പുറമെ കെഎസ്ആർടിസിയും കൊച്ചി മെട്രോയും മാർച്ച് 8 ന് ആലുവയിലേക്ക് പ്രത്യേക സർവീസ് നടത്തുന്നുണ്ട്. കെഎസ്ആർടിസിയുടെ 250 ബസുകളാണ് വിവിധ സ്ഥലങ്ങളിൽ നിന്നായി ആലുവയിലേക്ക് പ്രത്യേക സർവീസ് നടത്തുക. ഇതിനായി മണപ്പുറത്ത് താൽക്കാലിക ബസ് സ്റ്റേഷനും മാസ്റ്റർ ഓഫീസും വർക്ഷോപ്പും സ്ഥാപിക്കാൻ തീരുമനിച്ചിട്ടുണ്ട്.
അതേസമയം ശിവരാത്രിയോടനുബന്ധിച്ച് ആലുവ മണപ്പുറത്ത് ഒരുമാസം നീളുന്ന വ്യാപാരമേള തുടങ്ങും. ഇത്തവണ നൂറുകണക്കിന് സ്റ്റാളുകളുണ്ടാകും. കുട്ടികളുടെ കളിപ്പാട്ടം, ഇലക്ട്രോണിക്‌സ് സാധനങ്ങൾ, ഓട്ടോമൊബൈൽ എന്നിവയുടെ വില്പനയും ഡിസ്പ്ലേയുമുണ്ടാകും. ദുബായ് ഷോപ്പിങ് ഫെസ്റ്റിവെലിലേതുപോലെ ജർമൻ ടെന്റുകളിലാണ് സ്റ്റാളുകൾ ഒരുക്കുന്നത്. ഉല്ലാസത്തിനായി അമ്യൂസ്മെന്റ് പാർക്കുമുണ്ടാകും.
Discussion about this post