ലോകമെമ്പാടുമുള്ള ഹൈന്ദവവിശ്വാസികൾ ശിവരാത്രി ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ്. ശിവരാത്രി ദിനം മഹാദേവനെ ആരാധിക്കുന്നതിലൂടെ ഒരു വ്യക്തിക്ക് ജീവിതത്തിൽ സമ്പൂർണ്ണ സന്തോഷവും ഐശ്വര്യവും ലഭിക്കുമെന്നാണ് വിശ്വാസം. ശിവപ്രീതിക്കായി കുംഭമാസത്തിലെ കൃഷ്ണപക്ഷ ചതുർദശി ദിവസമാണ് മഹാശിവരാത്രിയായി ആഘോഷിക്കുന്നത്.
ദേവാദിദേവനാണ് ശിവൻ. സർവ്വ ദേവൻമാരുടെയും നക്ഷത്രങ്ങളുടെയും നാഥനാണ് ഭഗവാൻ ശിവൻ. ശിവനെ ആരാധിച്ചാൽ തീരാത്ത ദുരിതങ്ങളൊന്നും ഈ ലോകത്തില്ലെന്നാണ് വിശ്വാസം.
ശിവന് ഏറ്റവും പ്രിയപ്പെട്ടത് കൂവളത്തില കൊണ്ടുള്ള അർച്ചനയാണ്. ഒരു ഞെട്ടിൽ തന്നെ മൂന്ന് ഇലകളോട് കൂടിയ കൂവളത്തില ശിവൻറെ മൂന്ന് നേത്രങ്ങൾക്ക് സമാനമായാണ് കരുതുന്നത്. ഏഴ് ദിവസമോ. പതിനാല് ദിവസമോ, ഇരുപത്തൊന്ന് ദിവസമോ തുടർച്ചയായി ശിവന് കൂവളത്തില കൊണ്ട് അർച്ചന നടത്തിയാൽ ഭയം ആപത്ത് മുതലായവ അകന്ന് പോകും
ശനിദശയോ ഏഴരശനി,കണ്ടകശനി മുതലായവയോ അനുഭവിക്കുന്നവർ പതിവായി ശനിയാഴ്ചകളിൽ ശിവക്ഷേത്ര ദർശനവും വഴിപാടുകളും നടത്തിയാൽ ദോഷ ശാന്തിയുണ്ടാകും. നീലശംഖു പുഷ്പം കൊണ്ട് അർച്ചന നടത്തുന്നത് ഏഴരശനി, കണ്ടകശനി, ശനിദശ മുതലായവ കൊണ്ടുള്ള ദോഷങ്ങൾ അകലുന്നതിന് ഉത്തമമാണ്.
ശ്രീപരമേശ്വരന് പ്രിയങ്കരമായ മറ്റൊരു വഴിപാടാണ് ധാര. ശിവലിംഗത്തിന് മുകളിൽ ഒരു പ്രത്യേക പാത്രം സ്ഥാപിച്ചിട്ടുണ്ടാകും. ഇതിനെ ധാരകീടാരം എന്ന് പറയുന്നു. ഇതിൽ നിന്നും ധാരാദ്രവ്യം ഇടമുറിയാതെ പ്രവഹിച്ച് ശിവലിംഗത്തിൽ പതിക്കുന്നതിനെയാണ് ധാരയെന്ന് പറയുന്നത്. ശുദ്ധജലം, കരിക്ക് തുടങ്ങിയവ ധാരക്ക് ഉപയോഗിക്കുന്നു. ഗംഗ ശിവൻറെ ജടയിൽ പതിച്ച ശേഷമാണ് ഭൂമിയിലൂടെ പ്രവഹിക്കാൻ തുടങ്ങിയത് എന്നാണ് വിശ്വാസം. ഈ തത്വത്തെ ആധാരമാക്കിയാണ് ധാര നടത്തുന്നത്. ധാരാ തീർത്ഥം ഗംഗാ ജലമാണെന്നാണ് സങ്കല്പം. ധാര നടത്തി വരുന്ന തീർത്ഥം സേവിക്കുന്നത് ഏറെ ഉത്തമമാണ്. ശിവന്റെ ശിരസ്സ് എപ്പോഴും അഗ്‌നികൊണ്ട് ജ്വലിക്കുന്നതിനാൽ അത് ശീതീകരിക്കുന്നതിനാണ് ധാര ചെയ്യുന്നത് എന്ന് മറ്റൊരു വിശ്വാസവുമുണ്ട്.
പരമശിവന് ഏറെ പ്രിയപ്പെട്ട വഴിപാടാണ് അഭിഷേകം. എത്രയേറെ അഭിഷേകം നൽകുന്നുവോ അത്രയേറെ സംപ്രീതനാകുന്നവനാണ് ശ്രീമഹാദേവൻ. പാൽകൊണ്ട് നൽകുന്ന ശംഖാഭിഷേകമാണ് പതിവ് അഭിഷേകങ്ങളിൽ പ്രധാനപ്പെട്ടത്. രോഗദുരിതങ്ങളിൽ നിന്നുള്ള മുക്തിയാണ് അഭിഷേകത്തിന്റെ ഫലസിദ്ധി. പാൽ കൂടാതെ എണ്ണ, കരിക്ക്, ജലം ഇവകൊണ്ടും അഭിഷേകം ചെയ്യാറുണ്ട്.
വ്യത്യസ്ത അഭിഷേക ദ്രവ്യങ്ങളും ഫലങ്ങളും
പാൽ അഭിഷേകം: കോപതാപാദികൾ മാറി ശാന്തിയും സ്വസ്ഥയും ദീർഘായുസ്സുമാണ് പാലഭിഷേകത്തിന്റെ ഫലം.
നെയ്യ് അഭിഷേകം: സുരക്ഷയും മുക്തിയും സൽസന്താനങ്ങളുമാണ് നെയ്യഭിഷേകത്തിന്റെ ഫലം.
എണ്ണ അഭിഷേകം: പാപമോചനം, ദുരിതങ്ങൾക്ക് പരിഹാരം എന്നിവയാണ് എണ്ണ അഭിഷേകത്തിന്റെ ഫലം.
പനിനീര് അഭിഷേകം: കീർത്തിയും അംഗീകാരവും വിദ്യകടാക്ഷവുമാണ് പനിനീരഭിഷേകത്തിന്റെ ഫലം.
ചന്ദനം അഭിഷേകം: പുനർജ്ജന്മം അവസാനിച്ച് മോക്ഷ പ്രാപ്തിയും സമ്പൽസമൃദ്ധിയുമാണ് ചന്ദനാഭിഷേകത്തിന്റെ ഫലം.
പഞ്ചഗവ്യ അഭിഷേകം: പാപ മുക്തിയും ആത്മശുദ്ധിയുമാണ് പഞ്ചഗവ്യഅഭിഷേകത്തിന്റെ ഫലം.
പഞ്ചാമൃത അഭിഷേകം: ദീർഘായുസ്സും ആരോഗ്യവുമാണ് പഞ്ചാമൃതഅഭിഷേകത്തിന്റെ ഫലം.
ചെറുനാരങ്ങ അഭിഷേകം: അഭിഷ്ടകാര്യ സിദ്ധി, രോഗ ദുരിതങ്ങളിൽ നിന്ന് മോചനം എന്നിവയാണ് ചെറുനാരങ്ങാഭിഷേകത്തിന്റെ ഫലം.
തൈര് അഭിഷേകം: പ്രയാസങ്ങൾ അകന്ന് മനസ്സ് കുളിർപ്പിക്കുകയെന്നതാണ് തൈരാഭിഷേകത്തിന്റെ ഫലം.
തേൻ അഭിഷേകം: കാര്യവിജയവും ആഗ്രഹ സാഫലീകരണവുമാണ് തേൻഅഭിഷേകത്തിന്റെ ഫലം.
കരിമ്പ്, ശർക്കര അഭിഷേകം: ഭാവി ശോഭനവും, ശത്രുവിജയവുമാണ് കരിമ്പ്, ശർക്കരഅഭിഷേകത്തിന്റെ ഫലം.
ഇളനീർ അഭിഷേകം: സദ്സന്താനങ്ങൾ, രാജയോഗം എന്നിവയാണ് ഇളനീർ അഭിഷേകത്തിന്റെ ഫലം.
ഭസ്മം അഭിഷേകം: എല്ലാ നന്മകളും ജ്ഞാനവുമാണ് ഭാസ്മാഭിഷേകത്തിന്റെ ഫലം.
പാർവതീദേവിയെ സങ്കൽപിച്ചാണ് പിൻവിളക്കു വഴിപാടു സമർപ്പിക്കുന്നത്. ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കണമെങ്കിൽ പാർവതീ ദേവിക്ക് പിൻവിളക്ക് വഴിപാടുകൂടി സമർപ്പിക്കണം എന്നാണു ചിട്ട. കാര്യസാധ്യത്തിന് ഏറ്റവും ഉത്തമമായ വഴിപാടാണിത്. മംഗല്യസിദ്ധി, ദീർഘമാംഗല്യം, ഭാര്യാ- ഭർതൃ ഐക്യം എന്നിവയാണു പിൻവിളക്കു വഴിപാടിന്റെ ഫലം. 21 ദിവസം അടുപ്പിച്ചു പിൻവിളക്ക് വഴിപാട് സമർപ്പിക്കുന്നത് അത്യുത്തമമാണ്.
Discussion about this post